ഉലാൻബത്തോര്: സ്നേഹത്തിനായുള്ള അന്വേഷണത്തിന്റെ ഉത്തരമാണ് ക്രൈസ്തവ വിശ്വാസമെന്ന് ഫ്രാൻസിസ് മാര്‍പാപ്പ. മംഗോളിയൻ തലസ്ഥാനമായ ഉലാൻബത്തോറിലെ സ്റ്റെപ്പി അരീന സ്റ്റേഡിയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
വിശാലമായ പുല്പ്രദേശങ്ങളാലും മരുഭൂമിയാലും വരണ്ടതെങ്കിലും സന്പന്നമായ ചരിത്രവും സംസ്കാരവും പേറുന്ന മംഗോളിയ, മനുഷ്യരിലെ സ്നേഹത്തിനും സന്തോഷത്തിനുമായുള്ള ദാഹത്തിന്റെ പ്രതിരൂപമാണ്. മംഗോളിയയുടെ നാടോടി പാരന്പര്യം അനുസ്മരിച്ച മാര്‍പാപ്പ, നമ്മളെല്ലാം സന്തോഷവും സ്നേഹവും അന്വേഷിക്കുന്ന, ദൈവത്തിന്റെ നാടോടികളും തീര്ഥാടകരുമാണെന്നു പറഞ്ഞു. ഈ അന്വേഷണത്തിനുള്ള ഉത്തരമാണ് ക്രൈസ്തവ വിശ്വാസമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുര്‍ബാനയുടെ അന്ത്യത്തില്‍ മാര്‍പാപ്പ ചൈനീസ് കത്തോലിക്കാ വിശ്വാസികളോട്, നല്ല ക്രിസ്ത്യാനികളും നല്ല ക്രൈസ്തവരുമായിരിക്കാൻ ആഹ്വാനം ചെയ്തു. ഹോങ്കോംഗിലെ ബിഷപ് എമരിറ്റസ് കര്‍ദിനാള്‍ ജോണ്‍ തോംഗ് ഹോണ്‍, ഇപ്പോഴത്തെ ബിഷപ് സ്റ്റീഫൻ ചൗ എന്നിവരെ വേദിയിലേക്കു വിളിച്ച് ഇരുവരുടെയും കൈകളില്‍ പിടിച്ചുകൊണ്ടാണ് മാര്‍പാപ്പ ഇതു പറഞ്ഞത്.