ലിസ്ബണ്‍: ലോക യുവജന സമ്മേളനത്തിന്റെ ഭാഗമായി പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണിലുള്ള ഫ്രാൻസിസ് മാര്‍പാപ്പ ഇന്നലെ മതാന്തര സംവാദ സംഘടനകളുമായി കൂടിക്കാഴ്ച നടത്തി.
ലിസ്ബണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കിംഗ് അബ്ദുള്ളാ ബിൻ അബ്ദുള്ളസീസ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റര്‍റിലീജിയസ് പ്രതിനിധികളുമായിട്ടായിരുന്നു ആദ്യ കൂടിക്കാഴ്ച.
ലിസ്ബണിലെ വത്തിക്കാൻ നുൻഷ്യേച്ചറില് നടന്ന കൂടിക്കാഴ്ചയില്‍ മതാന്തര സംവാദത്തിനുള്ള ഡിക്കാസ്റ്ററി അധ്യക്ഷൻ കര്‍ദിനാള്‍ മിഗുവേല്‍ ആഞ്ചല്‍ അയൂസോ ഗിക്സോട്ടും ഉണ്ടായിരുന്നു. പ്രതിനിധി സംഘത്തിനു നന്ദിപറഞ്ഞ മാര്‍പാപ്പ സാ ഹോദര്യത്തിന്റെയും ചര്‍ച്ചയുടെയും ആവശ്യകതയും വിശദീകരിച്ചു. 2012ല്‍ സൗദി അറേബ്യയും ഓസ്ട്രിയയും സ്പെയിനും ചേര്‍ന്നാണ് ഈ സംഘടന ആരംഭിച്ചത്.
തുടര്‍ന്ന് ഫ്രാൻസിസ് മാര്‍പാപ്പ ഷിയാ ഇസ്ലാമിലെ ഉപവിഭാഗമായ ഇസ്മയേലി സമൂഹത്തിന്റെ നേതാവായ റഹീം ആഗാ ഖാനുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി.
പോര്‍ച്ചുഗീസ് കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന എക്യുമെനിക്കല്‍, മതാന്തര സംവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന വിവിധ മത, സഭാ നേതാക്കളുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുകയുണ്ടായി. കുന്പസാര ദിനമായിരുന്ന ഇന്നലെ ഫ്രാൻസിസ് മാര്‍പാപ്പ മൂന്നു യുവതീയുവാക്കളുടെ കുന്പസാരം കേട്ടു.
പോര്‍ച്ചുഗീസ് സമയം വൈകുന്നേരം ആറു മണിമുതല്‍ എട്ടു മണിവരെ മുഖ്യ സമ്മേളന വേദിയായ എഡ്വേര്‍ഡ് ഏഴാമൻ പാര്‍ക്കില്‍ നടന്ന കുരിശിന്റെ വഴിയിലും മാര്‍പാപ്പ പങ്കെടുത്തു.