ലിസ്ബണ്‍: പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണ്‍ നഗരത്തിന് ആത്മീയപ്രഹര്ഷമേകി ആറു ദിവസമായി നടന്നുവന്ന 37-ാമത് ലോക യുവജന സമ്മേളനത്തിനു സമാപനം.
സമാപനത്തോടനുബന്ധിച്ച് പ്രാദേശികസമയം ഇന്നലെ രാവിലെ ഒന്‍പതിന്(ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) കാംപൊ ദെ ഗ്രാസായില് ഫ്രാൻസിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ലോകമെങ്ങുംനിന്നുള്ള 15 ലക്ഷം യുവജനങ്ങള്‍ പങ്കെടുത്തു.
വിശുദ്ധകുര്‍ബാനമധ്യേ നല്കിയ വചനസന്ദേശത്തില്‍ ക്രിസ്തുസ്നേഹത്തിന്റെ വെളിച്ചം നിറയ്ക്കാൻ യുവജനങ്ങളെ മാര്‍പാപ്പ ആഹ്വാനം ചെയ്തു. “പ്രശോഭിക്കുക, കേള്ക്കുന്നവരാകുക, ഭയപ്പെടാതിരിക്കുക. അനീതിയും അസ്വസ്ഥതയും ഉള്ളിടത്ത് ഭയപ്പാടില്ലാതെ ക്രിസ്തുസ്നേഹത്തിന്റെ വെളിച്ചം നിറയ്ക്കുന്നവരാകണം നിങ്ങള്‍. ഇരുളകറ്റാൻ ഇന്ന് വെളിച്ചം വേണം. ക്രിസ്തുവിന്റെ വെളിച്ചത്തില്‍ പ്രകാശിതരാകാൻ യുവാക്കള്‍ക്ക് കഴിയണം. സ്നേഹത്തിന്റെ വഴി പഠിപ്പിക്കുന്ന ക്രിസ്തുവിനെ കേള്ക്കുന്നവരാകുക. ലോകത്തെ മാറ്റിമറിക്കാൻ വിളിക്കപ്പെട്ടവരാണ് നിങ്ങള്‍. നിങ്ങളാണ് ഭൂമിയുടെ മണ്ണും വെള്ളവും. ലോകത്തിന്റെ ഇന്നും നാളെയും നിങ്ങളാണ്. ഭയം കൂടാതെ ഭൂമിയെ കെട്ടിപ്പടുക്കുന്നവരാകണം.”-മാര്‍പാപ്പ യുവതീ-യുവാക്കളോട് പറഞ്ഞു.
അടുത്ത ആഗോള യുവജന ദിനാഘോഷം 2027ല്‍ ദക്ഷിണ കൊറിയയിലെ സീയൂളില്‍ നടക്കുമെന്ന് ഫ്രാൻസിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. ഏഷ്യൻ രാജ്യങ്ങളില്‍നിന്നുള്ള യുവജന പ്രതിനിധിസംഘം ഈ പ്രഖ്യാപനത്തെ നീണ്ട കരഘോഷത്തോടെയാണു സ്വീകരിച്ചത്. മൂന്നു പതിറ്റാണ്ടിനുശേഷമാണ് കത്തോലിക്കാസഭയുടെ നേതൃത്വത്തിലുള്ള ആഗോള യുവജന സമ്മേളനത്തിന് ഏഷ്യൻ ഭൂഖണ്ഡം വേദിയാകുന്നത്. 2025 ല്‍ റോമില്‍ നടക്കുന്ന യുവജന മഹാജൂബിലിയിലേക്ക് എല്ലാവരെയും മാര്‍പാപ്പ സ്വാഗതം ചെയ്തു.
വിശുദ്ധ കുര്‍ബാനയില്‍ 700 ബിഷപ്പുമാരും 10,000 വൈദികരും സഹകാര്‍മികരായിരുന്നു.
ലിസ്ബണിലെ ദാസ് നാസ് പാര്‍ക്കിനും ട്രാൻകാവോ നദിക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന ഹരിതാഭമായ തേജോ പാര്‍ക്കില്‍ ശനിയാഴ്ച നടന്ന നിശാ ജാഗരണ പ്രാര്‍ഥനയ്ക്കുശേഷം അവിടെത്തന്നെയാണു ലക്ഷക്കണക്കിനു വരുന്ന യുവജനങ്ങള്‍ ഉറങ്ങിയത്.
തുടര്‍ന്ന് പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം സമാപന വിശുദ്ധ കുര്‍ബാന നടന്ന കാംപൊ ദെ ഗ്രാസാ മൈതാനിയിലേക്കു നീങ്ങി. ശനിയാഴ്ച രാത്രിയില്‍ നടന്ന ജാഗരണപ്രാര്‍ഥനയില്‍ ഫ്രാൻസിസ് മാര്‍പാപ്പ പങ്കെടുത്തു. ‘വീഴാൻ സാധ്യതയുള്ള കാലഘട്ടമാണ് യുവത്വം.
സ്നേഹിക്കുന ദൈവത്തിന്റെ കരുതലില്‍ വീണിടത്തുനിന്ന് എണീക്കാനും വീണവനെ എഴുന്നേല്‍പ്പിക്കാനും ശ്രമിക്കുന്നവരാണ് ക്രിസ്തു അനുയായികള്‍. സന്തോഷിക്കുക, എഴുന്നേല്ക്കുക, അനുഗമിക്കുക എന്നീ വാക്കുകളാണ് പ്രേഷിതത്വത്തിന്റെ അടിസ്ഥാനം’-ജാഗരണപ്രാര്ഥനയ്ക്ക് ആമുഖമായി നല്കിയ സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു.
ആത്മീയപരിപാടികള്ക്കൊപ്പം വൈവിധ്യമാര്‍ന്ന സാംസ്കാരിക പരിപാടികളും ആത്മീയ സംഗീത വിരുന്നും യുവജനസമ്മേളനത്തെ വര്‍ണാഭമാക്കി. കേരളത്തില്‍ ആരംഭിച്ച് പൊന്തിഫിക്കല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട അല്മായ പ്രസ്ഥാനമായ ജീസസ് യൂത്തിന്റെ അഞ്ച് ബാൻഡുകള്‍ വിവിധ സ്റ്റേജുകളിലായി പത്തു സംഗീതവിരുന്നുകള്‍ അവതരിപ്പിച്ചു.യുഎഇയില്‍നിന്നുള്ള ‘മാസ്റ്റര്‍ പ്ലാൻ’, ‘ഇൻസൈഡ് ഔട്ട’, യുകെയില്‍നിന്നുള്ള ’99.വണ്‍’, ഇന്ത്യയില്‍ സജീവമായ ‘ആക്ട് ഓഫ് അപ്പോസല്‍’, ‘വോക്സ് ക്രിസ്റ്റി’ എന്നീ ബാൻഡുകള്‍ ലോകയുവതയുടെ മനംകവര്‍ന്നു.
കത്തോലിക്കസഭയുടെ ആഗോള യുവജന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാൻ ദക്ഷിണകൊറിയയെ തെരഞ്ഞെടുത്തതിനു പിന്നില്‍ കാരണങ്ങളേറെ. ശക്തമായി വളരുന്ന സഭയെന്നതും അചഞ്ചലമായ വിശ്വാസം കാത്തുസൂക്ഷിക്കുന്ന ജനതയെന്നതുമാണ് കാരണങ്ങളില്‍ പ്രധാനം.ഏറ്റവുമൊടുവില്‍ 1995ലാണ് ഏഷ്യൻ ഭൂഖണ്ഡം ലോക യുവജനസമ്മേളനത്തിന് ആതിഥ്യമരുളിയത്. ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയില്‍ നടന്ന അന്നത്തെ സമ്മേളനം ജോണ്‍ പോള്‍ രണ്ടാമൻ മാര്‍പാപ്പയുടെ സാന്നിധ്യംകൊണ്ട് അനുഗൃഹീതമായിരുന്നു. തുടര്‍ന്ന് മൂന്നു പതിറ്റാണ്ടിനുശേഷമാണ് ഏഷ്യ വീണ്ടും ഈ സമ്മേളനത്തെ വരവേല്‍ക്കുന്നത്.
2027ലെ ലോക യുവജനസമ്മേളനം സിയൂളില് നടക്കുമെന്ന് പ്രഖ്യാപിച്ചയുടൻ രാജ്യത്തിന്റെ ഭീമൻ ദേശീയപതാകയുമേന്തി ആവേശഭരിതരായ ദക്ഷിണകൊറിയയില്‍നിന്നുള്ള യുവതീ-യുവാക്കള്‍ വേദിയിലെത്തി.
ഒരു നൂറ്റാണ്ടുമുന്പ് ദക്ഷിണകൊറിയയില്‍ ജനസംഖ്യയില്‍ കേവലം ഒരു ശതമാനം മാത്രമായിരുന്നു കത്തോലിക്കര്‍. എന്നാല്‍, ഇന്ന് രാജ്യത്തെ അഞ്ചു കോടി വരുന്ന ജനസംഖ്യയില്‍ പത്തു ശതമാനത്തിലേറെയും കത്തോലിക്കരാണ്.ഓരോ വര്‍ഷവും ഒരു ലക്ഷംപേരെങ്കിലും പുതുതായി മാമ്മോദീസ സ്വീകരിക്കുന്നുണ്ടെന്നാണ് കണക്ക്.ഏറ്റവുമധികം ദൈവവിളികള്‍ ഉണ്ടാകുന്ന രാജ്യവുമാണ് ദക്ഷിണകൊറിയ. ഇന്ന് ആഫ്രിക്കൻ രാജ്യങ്ങളിലും യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ദക്ഷിണകൊറിയയില്‍നിന്നുള്ള മിഷണറിമാര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.