വത്തിക്കാൻ സിറ്റി: ഹെര്‍ണിയ രോഗം മൂലം ഉദരശസ്ത്രക്രിയയ്ക്കു വിധേയനായ ഫ്രാൻസിസ് മാര്‍പാപ്പ ഇന്നലെ രാവിലെ റോമിലെ ജെമേല്ലി ആശുപത്രിവിട്ട് വത്തിക്കാനില്‍ തിരിച്ചെത്തി.
ആരോഗ്യസ്ഥിതി സംബന്ധിച്ച് മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് “ഞാനിപ്പോഴും ജീവനോടെയുണ്ട്” എന്നാണ് അദ്ദേഹം തമാശയോടെ മറുപടി നല്‍കിയത്. ഒപ്പം ഗ്രീക്ക് തീരത്തുണ്ടായ അഭയാര്‍ഥി ബോട്ട് ദുരന്തത്തില്‍ അഗാധദുഃഖം പ്രകടിപ്പിക്കുകയും ചെയ്തു.
മാര്‍പാപ്പയുടെ ആരോഗ്യനില മുന്പത്തേക്കാളും മെച്ചപ്പെട്ടതായി ശസ്ത്രക്രിയ നടത്തിയ ഡോ. സെര്‍ജിയോ അല്‍ഫിയേരി പറഞ്ഞു. ജെമേല്ലി ആശുപത്രി ജീവനക്കാര്‍ അടക്കമുള്ളവര്‍ ചേര്‍ന്നാണു മാര്‍പാപ്പയെ യാത്രയാക്കിയത്. കാറില്‍ കയറുന്നതിനു മുന്‍പ് അദ്ദേഹം എല്ലാവരെയും അഭിവാദ്യം ചെയ്തു.
വത്തിക്കാനിലേക്കുള്ള യാത്രയ്ക്കിടെ റോമിലെ സാന്താമരിയ മേജര്‍ ബസിലിക്കയില്‍ കയറി പരിശുദ്ധ കന്യാമറിയത്തിന്റെ ചിത്രത്തിനു മുന്പില് പ്രാര്‍ഥിച്ചു. വത്തിക്കാനോടു ചേര്‍ന്നുള്ള മരിയ സാന്റിസ്സിമ ബംബീന ഇൻസ്റ്റിറ്റ്യൂട്ടിലെ സിസ്റ്റര്‍മാരെ സന്ദര്‍ശിക്കുകയുമുണ്ടായി.
ജെമേല്ലി ആശുപത്രിയില്‍ ഏഴിനായിരുന്നു ശസ്ത്രക്രിയ. ആശുപത്രി വിട്ടശേഷം അദ്ദേഹത്തിനു പതിവു പരിപാടികള്‍ നടത്തുന്നതിനും യാത്രയ്ക്കും തടസമുണ്ടാകില്ലെന്ന് ഡോക്ടര്‍ നേരത്തേ അറിയിച്ചിരുന്നു.
മാര്‍പാപ്പയുടെ ഞായറാഴ്ച വരെയുള്ള പരിപാടികള്‍ വത്തിക്കാൻ റദ്ദാക്കിയിരുന്നു. ഞായറാഴ്ച അദ്ദേഹം പതിവുപോലെ ത്രികാലജപ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കുമെന്ന് വത്തിക്കാൻ അറിയിച്ചു. എന്നാല്‍ പ്രതിവാര പൊതുദര്‍ശന പരിപാടി ബുധനാഴ്ച ഉണ്ടാകില്ല.
ഓഗസ്റ്റില്‍ ആദ്യം മാര്‍പാപ്പ ലോക യുവജനദിനാഘോഷത്തില്‍ പങ്കെടുക്കാൻ പോര്‍ച്ചുഗല്‍ സന്ദര്‍ശിക്കുന്നുണ്ട്. ഓഗസ്റ്റ് അവസാനം മംഗോളിയയിലും പര്യടനം നടത്തും.