വത്തിക്കാന്‍: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഗാസയില്‍ നടക്കുന്ന ആക്രമണത്തില്‍ മാര്‍പാപ്പ ദുഖം അറിയിച്ചത്. സമാധാനത്തിനുള്ള ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഗാസയ്ക്കുമേല്‍ കടുത്ത ആക്രമണങ്ങള്‍ വീണ്ടും ആരംഭിച്ചതില്‍ ഞാന്‍ അതിയായ ദുഃഖിതനാണ്. ബോംബാക്രമണത്തില്‍ നിരവധി പേര് മരിക്കുകയും കുറേയേറെ മനുഷ്യര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആയുധങ്ങള്‍ ഉടന്‍ നിശബ്ദമാക്കണം. ചര്‍ച്ചകള്‍ പുനരാരംഭിക്കണം. അതിനുള്ള ധൈര്യം കാണിക്കണം. ചര്‍ച്ചയിലൂടെ ബന്ദികളെ മോചിപ്പിക്കാനും സ്ഥിരമായ വെടിനിര്‍ത്തലില്‍ എത്താനും കഴിയും’ എന്ന് പറഞ്ഞ മാര്‍പാപ്പ പലസ്തീന് ജനതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു.
ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് ഫെബ്രുവരി 14 മുതല്‍ റോമില്‍ ചികിത്സയിലായിരുന്ന മാര്‍പാപ്പ ഒരു മാസത്തിന് ശേഷമാണ് ഞായറാഴ്ച വിശ്വാസികളെ അഭിസംഭോദന ചെയ്യുന്നത്.