പാലസ്തീനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് മാർപാപ്പ. ഒരു കുടുംബത്തിലെ ഏഴ് കുഞ്ഞുങ്ങള്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെ സംഭവത്തിന് പിന്നാലെയാണ് പോപ്പിന്റെ വിമർശനം. കുട്ടികൾക്ക് നേരെയുള്ള അതിക്രമം തന്നെ ഏറെ നൊമ്പരപ്പെടുത്തിയത് കൊണ്ടാണ് വിമർശനം ഉന്നയിക്കുന്നതെന്ന് പോപ്പ് വ്യക്തമാക്കി. ഇപ്പോൾ നടക്കുന്നത് യുദ്ധമല്ല കുട്ടികൾക്കന്നേരെയൂള്ള ക്രൂരതയാണ് പോപ്പ് പറഞ്ഞു.
എന്നാൽ മാർപാപ്പയുടെ പരാമര്‍ശങ്ങള്‍ നിരാശാജനകമാണെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. അതേസമയം മാർപാപ്പ വസ്തുതകൾ പരിശോധിക്കാതെയാണ് അദ്ദേഹം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. ജിഹാദി തീവ്രവാദത്തിനെതിരായ പോരാട്ടമാണ് നടത്തുന്നതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഭീകരർ കുട്ടികളുടെ പിന്നിൽ ഒളിച്ചിരുന്ന് ആക്രമിക്കുന്നതാണ് ക്രൂരത. 400 ദിവസത്തിലധികം കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരെ ബന്ദികളാക്കിയ ഹമാസ് ആണ് യഥാർത്ഥ ക്രൂരത കാണിക്കുന്നത്. 2023 ഒക്ടോബർ 7-ന് ഹമാസിൻ്റെ നേതൃത്വത്തിലുള്ള ആക്രമണം 1,208 ഇസ്രായേലികളെ കൊല്ലുകയും 251 പേരെ ബന്ദികളാക്കപ്പെടുകയും ചെയ്തുവെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു. പോപ്പിന്റെ ഇരട്ടത്താപ്പാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്നും ഇസ്രയേല്‍ ആരോപിച്ചു.
14 മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിൽ ഗാസയിൽ കുറഞ്ഞത് 45,206 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ പറയുന്നത്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് അനുയായികൾ ഇസ്രയേലിനെ ആക്രമിക്കുകയും നിരവധി പേരെ കൊല്ലുകയും ആളുകളെ ബന്ദികളാക്കുകയും ചെയ്തതാണ് ഗാസയിലെ യുദ്ധത്തിലേക്ക് നയിച്ചത്. തുടർന്ന് പതിനാല് മാസമായി ഗാസ മുനമ്പില്‍ ആക്രമണം തുടരുകയാണ്. രാജ്യാന്തര തലത്തിൽ മധ്യസ്ഥര്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും അനുനയത്തിന് ഇസ്രയേല്‍ തയാറാകുന്നില്ല.