കേരളത്തിൽ കോൺഗ്രസിന്റെ എല്ലാമെല്ലമായി കെ കരുണാകരൻ വാഴുന്നൊരു കാലമുണ്ടായിരുന്നു. പാർട്ടിക്കകത്തും പുറത്തും കരുണാകരന്റെ ഗരിമ കേരള രാഷ്ട്രീയം അംഗീകരിച്ചിരുന്ന കാലത്താണ് പാർട്ടിക്കകത്ത് കലാപമുണ്ടാക്കി ഉമ്മൻ ചാണ്ടി നേതൃത്വത്തിന്റെ ഒന്നാം നിരയിലേക്ക് കാലെടുത്ത് വെക്കുന്നത്. 1991ലാണ് കരുണാകരൻ ഒരു വശത്തും എ കെ ആന്റണി-ഉമ്മൻ ചാണ്ടി വിഭാഗം മറുഭാഗത്തുമായ ഗ്രൂപ്പ് പോര് പാരമ്യത്തിലെത്തുന്നത്. 1991ൽ കെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. അക്കാലത്താണ് കരുണാകരനെ ഏറെക്കാലം സംശയത്തിന്റെ നിഴലിൽ നിർത്തിയ സംസ്ഥാനത്തിന് 2.32 കോടി രൂപയുടെ നഷ്ടം വരുത്തിയ വിവാദമായ പാമോയിൽ ഇറക്കുമതി കരാർ ഒപ്പു വെച്ചത്.
ഗ്രൂപ്പ് വഴക്കിനൊടുവിൽ എം.എ. കുട്ടപ്പന് ലീഡർ കെ കരുണാകരൻ രാജ്യസഭ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കരുണാകരനോട് യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് 1994 ജൂൺ 16-ന് ധനകാര്യമന്ത്രി സ്ഥാനം രാജിവെച്ചു. 1994-95 കാലത്ത് കുപ്രസിദ്ധമായ ഐഎസ്ആർഒ ചാരക്കേസിൽ കെ കരുണാകരനെതിരെ പട നയിക്കുന്നതിൽ മുന്നിൽ നിന്നു. ഒടുവിൽ 1995 മാർച്ച് 16-ന് കെ കരുണാകരൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെച്ചു. മാർച്ച് 22-ന് എ.കെ. ആന്റണി മുഖ്യമന്ത്രിയായി അധികാരമേറ്റു. പാർട്ടിയിൽ പിടിമുറുക്കി വളരുന്ന ഉമ്മൻ ചാണ്ടിയെയാണ് പിന്നീടുള്ള കാലം കോൺഗ്രസ് രാഷ്ട്രീയം കണ്ടത്.
രണ്ടായിരത്തില്‍ എ.കെ. ആന്റണി മന്ത്രിസഭ വീണ്ടും അധികാരമേറ്റു. ഉമ്മൻചാണ്ടി യുഡിഎഫ് കൺവീനറുമായി. കെ കരുണാകരന്റെ നേതൃത്വത്തിലുള്ള വിമതപ്രവർത്തനത്തിന്റെ ഫലം കൂടിയായി 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന് ഒറ്റ എംപിയെ പോലും ലഭിച്ചില്ല. 2004 ഓഗസ്റ്റ് 31 – ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എ.കെ. ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജി വച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി. 2006-2011 കാലത്ത് നിയമസഭയിൽ പ്രതിപക്ഷ നേതാവായി. 2011-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തിൽ അധികാരത്തിലേറി. ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി.
2011-ൽ പരാജയപ്പെടുത്തിയത് സുജ സൂസൻ ജോർജ്ജിനെ. 2016ൽ പതിനൊന്നാം തവണയും പുതുപ്പള്ളിയിൽ നിന്ന് നിയമസഭാംഗമായി, പരാജയപ്പെടുത്തിയത് ജയ്ക്ക് സി തോമസിനെ. 2011ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 2 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് അധികാരത്തിലേറി. ഇടതുപക്ഷത്തുനിന്ന് ശെൽവരാജിനെ മറുകണ്ടം ചാടിച്ച് ഒരു സീറ്റുകൂടി നേടി. 2011 ഓഗസ്റ്റ് 9 – പാമോയിൽ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന് കോടതി ഉത്തരവിട്ടതിനെത്തുടർന്ന് വിജിലൻസ് വകുപ്പ് തിരുവഞ്ചൂർ രാധാകൃഷ്ണന് കൈമാറി. 2012 ഏപ്രിൽ 12-ന് നടന്ന മന്ത്രിസഭ അഴിച്ചുപണിയെത്തുടർന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി തിരുവഞ്ചൂർ രാധാകൃഷ്ണന് കൈമാറി.
രണ്ടാം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ സോളാര്‍ കേസ് ഉമ്മൻ ചാണ്ടിയുടെ വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും തീരാക്കളങ്കമായി മാറി. 713 ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകേണ്ടെന്ന തീരുമാനവും തുടർന്ന് ധനകാര്യ മന്ത്രി കെ എം മാണിക്കെതിരെ ബിജു രമേശ് ഉയർത്തിയ ബാർ കോഴ ആരോപണവും ഹൈക്കോടതി പരാമർശത്തെത്തുടർന്ന് മാണിക്ക് മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്നതും ഉമ്മൻ ചാണ്ടി സർക്കാരിന്റെ വിശ്വാസ്യത തകർത്തു. കൊച്ചി മെട്രോ റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കിയതിൽ ഉമ്മൻ ചാണ്ടിയുടെ പങ്ക് വലുതായിരുന്നു. ഇറാഖിൽ ഐഎസ് ഭീകരർ ബന്ധികളാക്കിയ മലയാളികളായ നഴ്സുമാരുടെ മോചനത്തിന് അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ഒത്തൊരുമിച്ചു പ്രവർത്തിച്ചത് മാതൃകയായി.
പ്രസ് സെക്രട്ടറിയായിരുന്ന പി.ടി.ചാക്കോ ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളെ കോർത്തി “കുഞ്ഞൂഞ്ഞ് കഥകൾ – അല്പം കാര്യങ്ങളും” എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചു. 2020 സെപ്റ്റംബര്‍ 17-ന് ഉമ്മന്‍ചാണ്ടി എംഎല്‍എ ആയിട്ട് അരനൂറ്റാണ്ട്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മേല്‍നോട്ട-തന്ത്ര രൂപീകരണ സമിതിയുടെ നേതൃത്വം ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എല്‍പ്പിച്ചു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പളളി മണ്ഡലത്തില്‍ 9044 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.