തൊടുപുഴ: അവധിയെടുത്ത് ഭാര്യയെ കാണാനായി വിദേശത്തേക്ക് പോയ ശേഷം തിരികെ ജോലിയില്‍ പ്രവേശിക്കാതിരുന്ന പൊലീസുകാരനെ പിരിച്ചുവിട്ടു. ഇടുക്കി തൊടുപുഴയില്‍ ആണ് സംഭവം. കരങ്കുന്നം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ജിമ്മി ജോസിനെയാണ് ജോലിയില്‍ നിന്നും പിരിച്ച് വിട്ടത്. യുകെയില്‍ നഴ്സായി ജോലി ചെയ്യുന്ന ഭാര്യയെ കാണാനായി പോയ ജമ്മി പിന്നെ തിരികെ വന്നില്ല.
ദീർഘകാലത്തെ അവധിക്കു ശേഷവും സർവീസിൽ തിരികെ പ്രവേശിക്കാതിരുന്നതോടെയാണ് ഇയാള്‍ക്കെതിരെ നടപടി എടുത്തത്. ഭാര്യയുടെ അടുത്തേക്ക് പോകാനായി 107 ദിവസത്തെ ശമ്പളരഹിത അവധിയായിരുന്നു ജിമ്മി എടുത്തത്. 2022 ജനുവരി 16ന് ജിമ്മി അവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. എന്നാൽ, ഇയാള്‍ തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചില്ല. ഇതോടെ അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി നിർദേശിക്കുകയായിരുന്നു. ജിമ്മി വിദേശത്തുതന്നെ തുടരുകയാണെന്നും അച്ചടക്കരാഹിത്യം കാണിച്ചെന്നുമുള്ള റിപ്പോർട്ടിനെത്തുടർന്നാണ് ഇയാലെ പിരിച്ച് വിടാൻ തീരുമാനിച്ചത്.