ധർമ്മടം: പൊലീസ് കസ്റ്റഡിയിലെടുത്ത മകനെ അന്വേഷിച്ച് സ്റ്റേഷനിലെത്തിയ അമ്മയെ മദ്യ ലഹരിയിൽ അസഭ്യം പറഞ്ഞ് അപമാനിക്കുകയും തള്ളിയിടുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കണ്ണൂർ ധർമ്മടം എസ്എച്ച്ഒ കെ വി സ്മിതേഷിനെതിരെയാണ് നടപടി. ഇന്നലെ രാത്രി 11 മണിയോടെയാണ് ധർമ്മടം പോലീസ് സ്റ്റേഷൻ വളപ്പിൽ മഫ്ടിയിൽ എസ്ചഎച്ഒയുടെ അഴിഞ്ഞാട്ടം നടന്നത്.
മദ്യപിച്ച് വാഹനമോടിച്ചെന്നാരോപിച്ച് എടക്കാട് നിന്ന് ധർമ്മടം പോലീസ് പിടിച്ചുകൊണ്ടുപോയ മകനെ തിരക്കിയാണ് രോഗിയായ അമ്മയും സഹോദരിയുമടക്കം സ്റ്റേഷനിലെത്തിയത്. അനിൽകുമാറിനെതിരായ കേസ് എന്താണെന്ന് തിരക്കിയതോടെ എസ്എച്ച്ഒ സ്മിതേഷ് ഇവര്‍ക്കെതിരെ അകാരണമായി തട്ടിക്കയറുകയും ലാത്തി ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്യുകയായിരുന്നു.
സ്മിതേഷ് കാറിന്റെ ഗ്ലാസ് അടിച്ചു തകർത്തുവെന്നും വയോധികയെ തള്ളിയിട്ടതായുമാണ് ആരോപണം. സ്റ്റേഷനിലെ മറ്റു പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്മിതേഷ് വഴങ്ങുന്നില്ലെന്നതും വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന ദൃശ്യങ്ങള്‍. നിലത്തുവീണ അനിൽകുമാറിന്റെ അമ്മയെ എടുത്തുകൊണ്ടു പോകാൻ പോലീസ് ഉദ്യോഗസ്ഥൻ ആക്രോശിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
അനില്‍കുമാറിന്റെ അമ്മ ഹൃദ്രോഗിയെന്നു പറഞ്ഞിട്ടും പൊലീസുകാരൻ വഴങ്ങിയില്ല. ഇതിന് പിന്നാലെയാണ് പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ സഹിതം അനിൽകുമാർ ഉദ്യോഗസ്ഥനെതിരെ കമ്മീഷണർക്ക് പരാതി നൽകിയത്. സംഭവം വാർത്തയായതോടെ കമ്മീഷണർ അജിത് കുമാർ നേരിട്ടെത്തി അന്വേഷണം നടത്തി. ഇതിന് പിന്നാലെയാണ് എസ് എച്ച് ഒയെ സസ്പെൻഡ് ചെയ്തത്.
അനിലിനെയും അമ്മയെയും മർദ്ദിച്ചെന്ന പരാതിയുണ്ടെങ്കിൽ ഇക്കാര്യം കൂടി വിശദമായി പരിശോധിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്. നടപടി നേരിട്ട ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിൽ നേരത്തെയും നിരവധി പരാതികൾ ഉണ്ടായിരുന്നതായി സഹപ്രവർത്തകരായ പൊലീസ് ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നുണ്ട്.