സിഡ്നി: പരിചയമുള്ള സ്ത്രീയുടെ കവിളിൽ മറ്റൊരു പുരുഷൻ ചുംബിച്ചതിന് പിന്നാലെ സ്ത്രീയെ നിരീക്ഷിക്കാൻ വാഹനത്തിൽ ജിപിഎസ് ട്രാക്കറും ഫോൺ ചോർത്തുകയും ചെയ്ത മുൻ പൊലീസ് ഉദ്യോഗസ്ഥന് ശിക്ഷ വിധിച്ച് കോടതി. കുറ്റസമ്മതം നടത്തിയതിന് പിന്നാലെ തടവ് ശിക്ഷ ഒഴിവാക്കിയ കോടതി 34കാരന് 12 മാസം സാമൂഹ്യ സേവനം നടത്താനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലെ ന്യൂസൌത്ത് വെയിൽസിലാണ് സംഭവം.
ജോഷ്വാ അലൻ ജെയിംസ് വോട്ടൺ എന്ന 34കാരനാണ് ഒരു വർഷം നീണ്ട സാമൂഹ്യ സേവനത്തിന് ശിക്ഷിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ ഡ്രൌണിംഗ് സെന്റർ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. പിന്തുടർന്ന് ശല്യം ചെയ്തതിനും അനുമതിയില്ലാതെ ട്രാക്കിംഗ് ഉപകരണം ഉപയോഗിച്ചതിനും സ്വത്തുവകകൾ നശിപ്പിച്ചതിനും കോടതി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഇയാളെ പൊലീസ് സർവ്വീസിൽ നിന്ന് പുറത്താക്കിയിരുന്നു.
യുവതിയ്ക്ക് വലിയ രീതിയിൽ മാനസിക വൃഥ സൃഷ്ടിച്ചതും ഭയപ്പെടുത്തുന്നതും ഗുരുതരമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ചെയ്ത കുറ്റകൃത്യമാണ് ശിക്ഷയ്ക്ക് കാരണമായതെന്ന് വ്യക്തമാക്കിയത്. നിയമത്തേക്കുറിച്ച് വ്യക്തമായി അറിയുള്ളയാൾ ഇത്തരത്തിൽ പെരുമാറുന്നത് ഒരു തരത്തിലും നിസാരമായി കാണാനാവില്ലെന്നും കോടതി വിശദമാക്കി. 2015നും 2019നും ഇടയിലാണ് തനിക്ക് പരചയമുണ്ടായിരുന്ന യുവതിയെ അന്ന് പൊലീസ് ഉദ്യോഗസ്ഥനായിരുന്ന യുവാവ് പിന്തുടർന്ന് ശല്യം ചെയ്തത്. ജോലി സ്ഥലത്തും തന്റെ പങ്കാളിക്കും ഒപ്പം സമയം ചെലവിടുമ്പോഴും യുവതിയെ പൊലീസുകാരൻ ഇത്തരത്തിൽ പിന്തുടർന്ന് ശല്യപ്പെടുത്തിയതായി കോടതി കണ്ടത്തി. ഒരു പാർട്ടിക്കിടെ യുവതിയുടെ കവിളിൽ മറ്റൊരാൾ ചുംബിക്കുന്നത് കണ്ടതോടെയാണ് യുവതിയുടെ ഫോൺ ചോർത്താൻ ആരംഭിച്ചത്.
മാനസിക വെല്ലുവിളികൾ നേരിടുന്നതാണ് ഇത്തരം പ്രവർത്തികൾക്ക് പിന്നിലെന്ന പ്രതിയുടെ വാദം കോടതി തള്ളി. കുറ്റം തെളിഞ്ഞതിന് പിന്നാലെ 2022ലാണ് ഇയാളെ സർവ്വീസിൽ നിന്ന് പുറത്താക്കിയത്. സാമൂഹ്യ സേവനത്തിന് ശേഷം യുവാവ് മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമാക്കണമെന്നും വ്യക്തമാക്കിയാണ് കോടതി ഉത്തരവ്.