കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയടക്കം ഉൾപ്പെടുത്തി സെക്സ് റാക്കറ്റ് നടത്തിയ ബി ജെ പി നേതാവിനെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തു. ബി ജെ പിയുടെ കിസാൻ മോർച്ച നേതാവ് സബ്യസാച്ചി ഘോഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗാളിലെ സങ്ക്റാലിയിലെ ഹോട്ടലിൽ നിന്നാണ് ഘോഷിനെ അറസ്റ്റ് ചെയ്തത്. സെക്സ് റാക്കറ്റിൽ പെട്ടുപോയ ആറ് പെൺകുട്ടിയെ മോചിപ്പിച്ചതായും ബംഗാൾ പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ സബ്യസാച്ചി ഘോഷ് ഉൾപ്പടെ 11 പേരെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു. അതേസമയം അറസ്റ്റിന് പിന്നാലെ സബ്യസാച്ചി ഘോഷിനെ തള്ളിപ്പറഞ്ഞ് ബംഗാൾ ബി ജെ പി ഘടകം രംഗത്തെത്തി. ഘോഷുമായി യാതൊരു ബന്ധവുമില്ലെന്നാണ് ബി ജെ പി നേതൃത്വം പറയുന്നത്.