പത്തനംതിട്ട:ശബരിമലയിലെ വിർച്വല്‍ ക്യൂ സംവിധാനത്തിൽ പിഴവ് സംഭവിച്ചെന്ന് പൊലീസ്. അവസാന ദിവസങ്ങളിൽ പരിധി നിശ്ചയിക്കാതെ വിർച്ചൽ ക്യൂ ബുക്കിങ്ങുകൾ സ്വീകരിച്ച ദേവസ്വം ബോർഡിന്റെ നടപടികളിൽ പോലീസിന് കടുത്ത അതൃപ്തിയുണ്ട്..ഒരു വർഷം മുൻപു വരെ പൊലീസ് കൈകാര്യം ചെയ്ത വിർച്ചൽ ക്യൂ 2022 മാർച്ച് മുതലാണ് ദേവസ്വം ബോർഡ് ഏറ്റെടുത്തത് .
കഴിഞ്ഞ വർഷം മുതലാണ് വിർച്വല്‍ ക്യൂ നിയന്ത്രണം പൊലീസിന്റെ കയ്യിൽ നിന്നും ദേവസ്വം ബോർഡ് ഏറ്റെടുത്തത്. തുടക്കം മുതലേ ഇതിൽ ശക്തമായ അതൃപ്തിയും പോലീസ് പ്രകടിപ്പിച്ചു. അവസാനഘട്ടത്തിൽ ഇത്രയധികം സ്ലോട്ടുകൾ നൽകിയ ദേവസ്വം ബോർഡിന്റെ മുൻധാരണയില്ലാത്ത പ്രവർത്തിയാണ് വീണ്ടും കാര്യങ്ങൾ വഷളാക്കിയതെന്നാണ് പൊലീസിന്റെ ആരോപണം. പുണ്യം പൂങ്കാവനം അടക്കം പൊലീസ് ശബരിമലയിൽ നടത്തിയ പല പദ്ധതികളും ദേവസ്വം ബോർഡ് ഏറ്റെടുത്തിരുന്നു.
വിർച്വൽ ക്യൂ വഴി മാത്രമല്ലാതെ സ്പോട്ട് ബുക്ക് ചെയ്തും അനേകം പേരാണ് എത്തുന്നത്. പുല്ലുമേട് കാനനപാത വഴിയും ഏറെപ്പേർ സന്നിധാനത്തേക്കൊഴുകുന്നു. ഇന്നലെ മാത്രം ദർശനം നടത്തിയവർ 1 ലക്ഷം കടന്നു. പലയിടത്തും കാത്തിരുന്ന് മലയിലെത്തുന്ന ഭക്തർക്ക് മണ്ഡലപൂജ കഴിഞ്ഞ് ദർശനം കിട്ടുമോ എന്നാണ് നിലവിലെ ആശങ്ക. എന്നാൽ എല്ലാ ഭക്തർക്കും ദർശനം ഉറപ്പാക്കുമെന്നാണ് ദേവസ്വം ബോർഡ് പറയുന്നത് .