തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പ്ലസ്‌വൺ വിദ്യാർഥിനിക്ക് നേരെ യുവാവിൻ്റെ ആക്രമണം. നാട്ടുകാർ പിടികൂടാൻ ശ്രമിച്ചപ്പോൾ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് മുന്നിൽ ഉണ്ടായിരുന്ന അഞ്ച് ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ഒരു ബൈക്ക് യാത്രക്കാരന്റെ കാലിന് ഗുരുതര പരിക്ക് പറ്റി. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് നാടകീയ സംഭവങ്ങൾ.
പ്രായപൂർത്തി ആകാത്ത വിദ്യാർത്ഥിക്കൊപ്പം നെയ്യാറ്റിൻകര കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയ ആനാവൂർ സ്വദേശിയായ 20 വയസുകാരൻ ആണ് പ്ലസ് വൺ വിദ്യാർഥിനിയെ മർദിച്ചത്. ബസ്സ് സ്റ്റാൻഡിന് സമീപത്തെ അമ്മൻകോവിലിനു സമീപം കാർ നിർത്തിയിട്ട ശേഷം യുവാവ് ബസ് സ്റ്റാൻഡിനകത്തേക്ക് കയറി. ഇവിടെ ബസ് കാത്തുനിൽക്കുകയായിരുന്ന പ്ലസ്‌വൺ വിദ്യാർഥിനിയുമായി ഇയാൾ സംസാരിക്കുന്നതിനിടെ ഇരുവർക്കും ഇടയിൽ വാക്കുതർക്കമുണ്ടാകുകയും പെൺകുട്ടിയുടെ കൈയിലുണ്ടായിരുന്ന മൊബൈൽഫോൺ യുവാവ് പിടിച്ചുവാങ്ങി തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച വിദ്യാർഥിനിയെ യുവാവ് മർദിക്കുകയയിരുന്നു. ഇത് കണ്ട മറ്റ് യാത്രക്കാർ ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ യുവാവ് കാറിൽ രക്ഷപെടാൻ ശ്രമിച്ചു. സമീപത്ത് ഉണ്ടായിരുന്ന ഇയാളെ ബൈക്കിൽ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കവേ യുവാവ് വെപ്രാളത്തിൽ മുന്നിലൂടെ പോയ അഞ്ചോളം ബൈക്കുകൾ ആണ് ഇടിച്ച് തെറിപ്പിച്ചത് എന്ന് നെയ്യാറ്റിൻകര പൊലീസ് പറഞ്ഞു. ഇതിൽ ഒരു ബൈക്ക് യാത്രികന് കാലിന് സാരമായ പരിക്ക് പറ്റി. നിയന്ത്രണം വിട്ട കാർ മുന്നിലൂടെ പോയ ബസിൽ ഇടിച്ച് ആണ് നിന്നത്. ഇതോടെ നാട്ടുകാർ കാർ തടഞ്ഞ് ഒപ്പം ഉണ്ടായിരുന്ന പ്രായപൂർത്തി ആകാത്ത വിദ്യാർഥിയെയും പൊലീസിന് കൈമാറി.
സംഭവത്തിൽ പെൺകുട്ടിക്ക് പരാതി ഇല്ലാത്തതിനാൽ വാഹന അപകടം ഉണ്ടാക്കിയ സംഭവത്തിൽ യുവാവിനെതിരെ നെയ്യാറ്റിൻകര പൊലീസ് സ്വമേധയാ കേസെടുത്തു. കാലിന് പരിക്ക് പറ്റിയ വ്യക്തിയെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.