ദില്ലി: ഓമനിക്കുന്നതിനിടയിൽ പിറ്റ്ബുൾ ഇടത് ചെവി കടിച്ചു പറിച്ചു. ഉടമയായ 22കാരന് 11 മണിക്കൂർ നിണ്ട ശസ്ത്രക്രിയയിലൂടെ ചെവി തിരികെ തുന്നിച്ചേർത്ത് ഡോക്ടർമാർ. ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. നായ കടിച്ച് പറിച്ചതോടെ ചെവി ശരീരത്തിൽ നിന്ന് 2 മില്ലി മീറ്റർ ത്വക്കിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ് 22കാരൻ ചികിത്സ തേടിയെത്തിയത്.
ഇൻട്രിക്കറ്റ് മൈക്രോ സർജിക്കൽ റീ പ്ലാൻറേഷൻ എന്ന നടപടിയിലൂടെയാണ് ആരോഗ്യ വിദഗ്ധർ ചെവി തിരികെ തുന്നിച്ചേർത്തത്. ചെവി തിരികെ വെറുതെ തുന്നിച്ചേർക്കുക മാത്രമല്ല, പുറത്ത് നിന്നുള്ള കാഴ്ചയിൽ യാതൊരു വിധ വ്യത്യാസം വരാത്ത രീതിയിലാണ് ചെവി തിരികെ സ്ഥാപിച്ചതെന്നാണ് ദില്ലി ഫരീദാബാദിലെ സ്വകാര്യ ആശുപത്രി അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. പിറ്റ്ബുള്ളിന്റെ ആക്രമണത്തിന് പിന്നാലെ തന്നെ ആശുപത്രിയിലെത്തിയ യുവാവിന്റെ ചെവിയിലേക്കുള്ള രക്തചംക്രമണം പുനസ്ഥാപിക്കാൻ ആയതാണ് ശസ്ത്രക്രിയയ്ക്ക് പ്രതീക്ഷ നൽകിയതെന്നാണ് ഡോക്ടർമാർ വിശദമാക്കിയത്. വലിച്ച് കീറിയ നിലയിലായിരുന്നു ചെവിയിലേക്കുള്ള രക്തക്കുഴലുണ്ടായിരുന്നത്.
തീരെ ചെറിയ 0.5 മില്ലിമീറ്ററോളം മാത്രം വലിപ്പമുള്ള ഈ രക്തക്കുഴൽ പുനസ്ഥാപിക്കുക എന്നതായിരുന്നു ശസ്ത്രക്രിയയിലെ ഏറ്റവും ദീർഘവും വെല്ലുവിളി നിറഞ്ഞതുമായിരുന്ന ഘട്ടമെന്നാണ് പ്ലാസ്റ്റിക് സർജറിക്ക് നേതൃത്വം നൽകിയ ഡോ മോഹിത് ശർമ്മ വിശദമാക്കുന്നത്. വലിയ ശക്തിയേറിയ മൈക്രോ സ്കോപ്പുകളുടേയും സൂപ്പർ മൈക്രോ സർജിക്കൽ ഉപകരണങ്ങളുടേയും സഹായത്തോടെ ആയിരുന്നു ശസ്ത്രക്രിയയെന്നും മോഹിത് ശർമ്മ വിശദമാക്കി.