ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ആപ്പാണ് വാട്സ്ആപ്പ്. എന്നാല്‍ ഇന്ത്യക്കാരുടെ വാട്സ്ആപ്പിനോടുള്ള ഈ പ്രിയം സൈബര്‍ തട്ടിപ്പുകാരുടെയും പ്രിയപ്പെട്ട ആപ്പാക്കി വാട്സ്ആപ്പിനെ മാറ്റുന്നു.
ഇന്ത്യയിലെ തട്ടിപ്പുകളുടെയും വ്യാജവാര്‍ത്തകളുടെയും പ്രധാന കേന്ദ്രം എന്ന വിശേഷണവും വാട്സ്ആപ്പിന് തന്നെയാണ്. ക്രിമിനലുകള്‍ക്ക് തങ്ങളുടെ തട്ടിപ്പുകള്‍ പ്രചരിപ്പിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ് വാട്സ്ആപ്പ്.
വാട്സ്ആപ്പില്‍ എന്തെങ്കിലും എത്തിപ്പെട്ടാല്‍ വളരെപ്പെട്ടെന്നാണ് അത് പരക്കുക. ഒരാളില്‍നിന്ന് ആരംഭിച്ച് കോടിക്കണക്കിന് ആളുകളിലേക്ക് വേഗത്തില്‍ എത്തിച്ചേരാൻ ഒരു വാട്സ്ആപ്പ് മെസേജിന് സാധിക്കും. വാട്സ്ആപ്പിന്റെ ഈ പ്രത്യേകതയും സൗകര്യവുമാണ് സൈബര്‍ ക്രിമിനലുകളുടെ പ്രധാന താവളമായി വാട്സ്ആപ്പിനെ മാറ്റുന്നത്. ഇപ്പോള്‍ ഒരു പുതിയ തട്ടിപ്പുകൂടി വാട്സ്ആപ്പിലൂടെ പ്രചരിക്കാൻ ആരംഭിച്ചിരിക്കുകയാണ്.
ഇപ്പോള്‍ പിങ്ക് വാട്സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യാൻ ലഭ്യമാണ് എന്ന വ്യാജ വാര്‍ത്തയാണ് വാട്സ്ആപ്പിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഈ വാട്സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് സഹിതമാണ് ഈ വ്യാജവാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഈ വ്യാജ വാര്‍ത്തയും ലിങ്കും അടങ്ങിയ മെസേജ് സൈബര്‍ ക്രിമിനലുകള്‍ തന്നെ വാട്സ്ആപ്പിലൂടെ ആളുകള്‍ക്ക് അയച്ചുനല്‍കുന്നു.
എന്തും വേഗത്തില്‍ പ്രചരിക്കുന്ന വാട്സ്ആപ്പില്‍ ഈ വ്യാജ വാര്‍ത്തയും ലിങ്കും അതിവേഗം പ്രചരിക്കുകയും ചെയ്യുന്നുണ്ട്. പുതിയ ഫീച്ചറുകളുള്ള വാട്സ്ആപ്പ് ലഭിക്കാൻ ഈ ലിങ്കിലുള്ള വാട്സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാണ് വ്യാജവാര്‍ത്തയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ പിങ്ക് വാട്സ്ആപ്പ് തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി മുംബൈ പോലീസ് രംഗത്തെത്തിയിരിക്കുകയാണ്.
പിങ്ക് വാട്സ്ആപ്പ് തട്ടിപ്പില്‍ വീഴാതിരിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇപ്പോള്‍ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്ന പിങ്ക് വാട്സ്ആപ്പ് യഥാര്‍ഥത്തില്‍ സൈബര്‍ ക്രിമിനലുകളുടെ കെണിയാണെന്നും ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യരുതെന്നും പോലീസ് മുന്നറിയിപ്പ് നല്കി. അധിക ഫീച്ചറുകളുള്ള പിങ്ക് നിറത്തിലുള്ള വാട്സ്ആപ്പ് ഉപയോക്താക്കളുടെ ഫോണ്‍ ഹാക്ക് ചെയ്യാൻ ഇടയാക്കുമെന്ന് പോലീസ് വിശദീകരിച്ചു.
ആളുകളെ തങ്ങളുടെ കെണിയില്‍ വീഴ്ത്താൻ സൈബര്‍ ക്രിമിനലുകള്‍ ദിവസവും പുതിയ തന്ത്രങ്ങള്‍ പുറത്തെടുക്കുന്നു. ഈ കെണികളില്‍ വീഴാതെ ഡിജിറ്റല്‍ ലോകത്ത് സുരക്ഷിതരായിരിക്കാൻ ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരാകണമെന്നും പോലീസ് മുന്നറിയിപ്പ് ഉപദേശിക്കുന്നു. വാട്സ്ആപ്പിന്റെ നിറം മാറുന്ന അപ്ഡേറ്റ് എന്ന് വിശ്വസിപ്പിച്ചാണ് പിങ്ക് വാട്സ്ആപ്പിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.
ഏറ്റവും പുതിയ വാട്സ്ആപ്പ് ഫീച്ചറുകള്‍ ആദ്യം ലഭിക്കും എന്നതും പിങ്ക് വാട്സ്ആപ്പ് തട്ടിപ്പിലെ പ്രധാന വാഗ്ദാനമാണ്. വാട്സ്ആപ്പ് മിക്കപ്പോഴും പുത്തൻ ഫീച്ചറുകള്‍ പുറത്തിറക്കുന്നു. എന്നാല്‍ പല ഫീച്ചറുകളും പുറത്തിറങ്ങിയെന്ന് കേട്ടാലും ഏറെ നാളുകള്‍ കഴിഞ്ഞാകും പലരിലേക്കും എത്തപ്പെടുക. ഈ താമസം ഒഴിവാക്കിക്കളയാം എന്ന് ആഗ്രഹിക്കുന്നവര്‍ തട്ടിപ്പുകാരുടെ ഈ വാഗ്ദാനത്തില്‍ വീണുപോയേക്കാം.ലോഗോയുടെ അടക്കം നിറം മാറും എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന ലിങ്ക് യഥാര്‍ഥത്തില്‍ ഒരു ഫിഷിങ് ലിങ്കാണ്. അതില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ ഉപയോക്താവിന്റെ ഫോണ്‍ ആക്രമിക്കപ്പെടുന്നു. തുടര്‍ന്ന് ഫോണിലെ സുപ്രധാന വിവരങ്ങള്‍ മോഷ്ടിക്കുകയോ ഫോണിന്റെ നിയന്ത്രണം ഹാക്കര്‍ക്ക് ലഭ്യമാക്കുകയോ ചെയ്യുന്നു എന്ന് പോലീസ് മുന്നറിയിപ്പ് നല്കുന്നു.
പിങ്ക് വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ എന്ത് സംഭവിക്കും: വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് വിവിധ ഭീഷണികള്‍ അഭിമുഖീകരിക്കേണ്ടിവരും. അവര്‍ സേവ് ചെയ്ത ചിത്രങ്ങളും കോണ്ടാക്റ്റ് നമ്ബറുകളും അനധികൃതമായി ഉപയോഗിക്കപ്പെടും. സാമ്ബത്തിക നഷ്ടങ്ങളിലേക്ക് ചെന്നുപെടും. അനുമതികള്‍ ദുരുപയോഗം ചെയ്യപ്പെടും. മൊബൈലിന്റെ നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെടും.ദ ഫ്രീ പ്രസ് ജേണലാണ് പിങ്ക് വാട്സ്ആപ്പ് തട്ടിപ്പ് സംബന്ധിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വൈറല്‍ പിങ്ക് വാട്സ്ആപ്പ് തട്ടിപ്പില്‍ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പോലീസ് അറിയിപ്പ് പുറപ്പടുവിച്ചിട്ടുണ്ട്. നിങ്ങളുടെ മൊബൈലില്‍ വ്യാജ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഉടൻ തന്നെ അണ്‍ഇൻസ്റ്റാള്‍ ചെയ്യുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
അജ്ഞാത ഉറവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന ലിങ്കുകളുടെ ആധികാരികത പരിശോധിക്കുക. സുരക്ഷിതമല്ല എന്ന് തോന്നിയാല്‍ അതില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. എപ്പോഴും ജാഗ്രത പാലിക്കുക. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ഐഒഎസ് ആപ്പ് സ്റ്റോറില്‍ നിന്നോ നിയമാനുസൃതമായ വെബ്സൈറ്റുകളില്‍ നിന്നോ മാത്രം ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യുക.
വിശ്വാസമില്ലാത്ത ലിങ്കുകളോ സന്ദേശങ്ങളോ മറ്റുള്ളവര്‍ക്ക് കൈമാറരുത്. ലോഗിൻ ക്രെഡൻഷ്യലുകള്‍, പാസ്വേഡുകള്, ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍, തുടങ്ങിയ സാമ്ബത്തിക-സ്വകാര് വിവരങ്ങള്‍ ഓണ്‍ലൈനില്‍ ആരുമായും പങ്കിടരുത്. സൈബര്‍ തട്ടിപ്പുകളില്‍ പെടാതിരിക്കാൻ ഏറ്റവും പുതിയ തട്ടിപ്പുകളെപ്പറ്റി മനസിലാക്കിയിരിക്കുകയും അത് മറ്റുള്ളവരെ അറിയിക്കുകയും ചെയ്യുക.