ഓൺലൈൻ ഡേറ്റിംഗ് ആപ്പുകൾ സജീവമായ കാലമാണിത്. എന്നാൽ, സ്പെയിനിലെ അവിവാഹിതരായ ആളുകൾക്കിടയിൽ ഒരു പുതിയ ട്രെൻഡ് വലിയ സ്വീകാര്യത പിടിച്ചു പറ്റിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ‘പൈനാപ്പിൾ ഡേറ്റിംഗ്’ (Pineapple Dating) എന്നറിയപ്പെടുന്ന ഒരു ഓഫ്ലൈൻ റൊമാൻസ് ട്രെൻഡ് (Offline Romance Trend) ആണത്രേ സ്പെയിനിൽ ഇപ്പോൾ ചർച്ച വിഷയം . മെർക്കഡോണ സൂപ്പർ മാർക്കറ്റ് ശൃംഖലയാണ് ഈ ഓഫ് ലൈൻ ഡേറ്റിംഗ് ജനപ്രിയമാക്കിയത്.
സംഗതി സിമ്പിളാണ് ഷോപ്പിംഗിനായി സൂപ്പർ മാർക്കറ്റുകളിലും മറ്റും എത്തുന്നവർ, ഒരു പങ്കാളിയെ കണ്ടെത്താൻ ആഗ്രഹിക്കുന്നവരാണെങ്കില്‍ വളരെ സൂക്ഷ്മമായ ഒരു സിഗ്നൽ കാണിക്കും. സിഗ്നൽ എന്താണെന്നല്ലേ? ഷോപ്പിംഗ് കാർട്ടിൽ പൈനാപ്പിൾ തലകീഴായി വെക്കുന്നതാണ് ഈ സൂക്ഷ്മമായ ‘റൊമാൻറിക് സിഗ്നൽ’. ഈ സിഗ്നൽ റൊമാന്റിക് കണക്ഷനുകൾ തേടുന്ന സഹ ഷോപ്പർമാർക്ക് ഒരു സൂചനയായി സ്വീകരിക്കാം. അങ്ങനെ പരസ്പരം പരിചയപ്പെടാനും സംസാരിക്കാനും ഒക്കെ ഷോപ്പിംഗിനിടയിൽ തന്നെ അവസരം കിട്ടും. പിന്നീട് വേണമെങ്കിൽ ഡേറ്റിംഗിലേക്കും ആ സൗഹൃദം വളർത്താം.
ടിക് ടോക്കിലാണ് ഈ ട്രെൻഡ് ആദ്യം വൈറലായത്, നിരവധി യുവാക്കൾക്കിടയിൽ ഇപ്പോള്‍ തന്നെ ഇതൊരു തരംഗമായി മാറിക്കഴിഞ്ഞു. സംഗതി ട്രെന്റിംഗായതിന് പിന്നാലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലെ പൈനാപ്പിൾ വില്പനയും വര്‍ദ്ധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അവിവാഹിതർ തങ്ങളുടെ ഷോപ്പിംഗ് ട്രോളികളിൽ പൈനാപ്പിൾ എടുത്ത് വച്ച്, കടകളിൽ തീപ്പെട്ടി തിരയുന്ന രസകരമായ നിരവധി വീഡിയോകള്‍ ഇപ്പോള്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.