തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ധനകാര്യ രംഗം കുത്തഴിഞ്ഞതിന്‍റെ കണക്കുകളുമായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്‍റ് ടാക്സേഷന്‍റെ റിപ്പോർട്ട്. അഞ്ച് വർഷക്കാലം നികുതി വളർച്ചയിൽ കേരളം രാജ്യത്ത് ഏറ്റവും പിന്നിൽ പോയി. മറ്റ് പ്രധാനപ്പെട്ട സാമ്പത്തിക സൂചകങ്ങളിലും കേരളം ഏറെ പിന്നിലാണെന്ന് ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായി.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്‍റ് ടാക്സേഷൻ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത സർക്കാരിന്‍റെ സാമ്പത്തിക കാര്യങ്ങൾക്കുള്ള ഗവേഷണ സ്ഥാപനം. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ധനകാര്യ രംഗം നേരിട്ട തിരിച്ചടികളുടെ കണക്കുകൾ നിരത്തിയാണ് മുപ്പത്തിരണ്ട് പേജുള്ള സംക്ഷിപ്ത റിപ്പോർട്ട്. സർക്കാരിനും സർക്കാർ ഏജൻസികൾക്കും മാത്രം കൈമാറിയ രഹസ്യ റിപ്പോർട്ടിൽ പ്രധാനപ്പെട്ട 19 സംസ്ഥാനങ്ങളെ താരതമ്യം ചെയ്താണ് പഠനം. ഇതില്‍ ഏറ്റവും ഗൗരവതരം നികുതി സമാഹരണത്തിലെ വീഴ്ചയാണ്. 2016മുതൽ 2021വരെ അഞ്ച് കൊല്ലത്തിൽ കേരളം കൈവരിച്ച വളർച്ച രണ്ട് ശതമാനം മാത്രമാണ്.