ന്യൂയോര്‍ക്ക് : അമേരിക്കയില്‍ ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയിലേക്ക് വിജയകരമായി മാറ്റിവച്ചു.
മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ഹൃദയമിടിപ്പ് നിലനിറുത്തുന്നുണ്ട്. വ്യക്തിയുടെ ശരീരത്തിലേക്ക് മാറ്റിവച്ച പന്നിയുടെ വൃക്ക 32 ദിവസമായി നന്നായി പ്രവര്‍ത്തിക്കുന്നതായി ന്യൂയോര്‍ക്കിലെ എൻ.വൈ.യു ലാൻഗോണ് ഹെല്‍ത്തിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതാദ്യമായാണ് പന്നിയുടെ വൃക്ക ഇത്രയും കൂടുതല്‍ സമയം മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ജൂലായ് 14ന് പ്രൊഫസര്‍ റോബര്‍ട്ട് മൊണ്ട്ഗോമറിയുടെ നേതൃത്വത്തിലായിരുന്നു വൃക്ക മാറ്റിവയ്ക്കല്‍.
രണ്ട് മാസമാണ് വൃക്കയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുക. 57കാരനായ മോറിസ് മില്ലര്‍ എന്നയാളുടെ ശരീരത്തിലാണ് പന്നിയുടെ വൃക്ക വച്ചുപിടിപ്പിച്ചത്. അതേ സമയം, ഇതാദ്യമായല്ല ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയിലേക്ക് മാറ്റിവയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അലബാമ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ മസ്തിഷ്ക മരണം സംഭവിച്ച 57കാരനിലേക്ക് പന്നിയുടെ ഇരുവൃക്കകളും വച്ചുപിടിപ്പിച്ചിരുന്നു.
2021 സെപ്റ്റംബറിലും പന്നിയുടെ ഒരു വൃക്ക മസ്തിഷ്ക മരണം സംഭവിച്ച രോഗിയില്‍ വിജയകരമായി വച്ചുപിടിപ്പിച്ചതായി ന്യൂയോര്‍ക്കിലെ ഗവേഷകര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മേരിലാൻഡിലുള്ള ബാള്‍ട്ടിമോറില്‍ ഡേവിഡ് ബെന്നറ്റ് എന്ന 57കാരന് ലോകത്താദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മാറ്റിവച്ചിരുന്നു. പന്നിയുടെ ഹൃദയവുമായി ജീവിച്ച ഇദ്ദേഹം 2 മാസം കഴിഞ്ഞ് മരിച്ചു. മനുഷ്യ ശരീരവുമായി പൊരുത്തപ്പെടാത്ത തരത്തിലെ നിരവധി ജീനുകളെ ഒഴിവാക്കിയും മനുഷ്യ ജീനുകളെ ഉള്‍പ്പെടുത്തിയുമാണ് പന്നിയില്‍ ജനിതകമാറ്റം വരുത്തുന്നത്.
പന്നിയുടെ ഹൃദയത്തിനും വൃക്കകള്‍ക്കും മനുഷ്യന്റേതിന് സമാനമായ വലിപ്പവും ഘടനയുമായതിനാലാണ് അവയെ അവയവമാറ്റത്തിനായി തിരഞ്ഞെടുക്കുന്നത്. പന്നികളുടെ ഹൃദയവാല്‍വുകള്‍ ഹൃദ്രോഗികളില്‍ പരീക്ഷിച്ച് വരുന്നുണ്ട്. കൂടാതെ, പ്രമേഹരോഗികളില്‍ പന്നികളുടെ പാൻക്രിയാസ് സെല്ലുകളും പൊള്ളലേറ്റവര്‍ക്ക് സ്കിൻ ഗ്രാഫ്റ്റിംഗിന് പന്നിയുടെ ചര്‍മ്മം താത്കാലികമായും നേരത്തെ മാറ്റിവച്ചിട്ടുണ്ട്. ഇത്തരം പരീക്ഷണങ്ങള്‍ അവയവദാനം കാത്ത് ജീവിക്കുന്ന ആയിരക്കണക്കിന് മനുഷ്യര്‍ക്ക് പ്രതീക്ഷയേകുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു.