സിഡ്നി: കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ പേഴ്സണലൈസ്ഡ് സ്റ്റാമ്പ് കാൻബറയിൽ ഓസ്ട്രേലിയൻ ഫെഡറൽ പാർലമെൻറിൽ പ്രകാശനം ചെയ്തതിനു പിന്നാലെ നിരവധി ഓസ്ട്രേലിയൻ മലയാളികൾ പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ ഓസ്ട്രേലിയൻ പോസ്റ്റ് വഴി ഓർഡർ ചെയ്തു തുടങ്ങി. ഉമ്മൻ ചാണ്ടി, മോഹൻ ലാൽ, പിണറായി വിജയൻ, വി.സ് അച്യുതാനന്ദൻ, ദുൽഖർ സൽമാൻ തുടങ്ങി തങ്ങളുടെ കുടുംബാംഗങ്ങളുടെ വരെ സ്റ്റാമ്പുകൾ ഓസ്ട്രേലിയയിലുടനീളം മലയാളികൾ പുറത്തിറക്കി തുടങ്ങി.
മമ്മൂട്ടിയുടെ പതിനായിരം സ്റ്റാമ്പുകൾ പുറത്തിറക്കുമ്പോൾ മറ്റുള്ളവർ 20 മുതൽ 40 വരെ സ്റ്റാമ്പുകളാണ് പുറത്തിറക്കുന്നത്. ഈ ഡിജിറ്റൽ യുഗത്തിലും മമ്മൂട്ടിയുടെ പേഴ്സണലൈസ്ഡ് സ്റ്റാമ്പ് ക്യാമ്പയിൻ വളരെയധികം വിജയമാകുകയും ഓസ്ട്രേലിയൻ മലയാളികൾക്ക് പുറമെ ലോക മലയാളികൾക്ക് വരെ ഓസ്ട്രേലിയൻ സ്റ്റാമ്പുകളെക്കുറിച്ചുള്ള അവബോധം ലഭിക്കുകയും ചെയ്തു.
മമ്മൂട്ടിയുടെ സ്റ്റാമ്പുകൾ പുറത്തിറക്കിയ ചടങ്ങ് നടത്തിയത് ഓസ്ട്രേലിയൻ ഫെഡറൽ എം പി ആൻഡ്രൂ ചാർല്ട്ടന്റെ അധ്യക്ഷതയിലുള്ള പാർലമെൻററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയും ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലും ചേർന്നാണ്.