സിഡ്നി: പെന്റിത്തിലെ മലയാളി സമൂഹം പരമ്പരാഗതമായ രീതിയിൽ ഓണം ആഘോഷിച്ചു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് മലയാളികളുടെ ഓണാഘോഷത്തിന് ആശംസകൾ നേർന്നത് ശ്രദ്ധേയമായി.
പെന്റിത്ത് മേയർ ട്രിഷ്യ ഹിച്ചൻസ് ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. വിവിധ സംസ്കാരങ്ങളുടെ കൂടിച്ചേരലുകളില്ലൂടെ മാത്രമേ ഓരോസമൂഹവും കൂടുതൽ വികാസം പ്രാപിക്കുകയുള്ളുവെന്നും അതിനായി ഓണാഘോഷം പോലെയുള്ള സാംസ്കാരിക പരിപാടികൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും മേയർ പറഞ്ഞു.
കേരളത്തിന്റെയും ഇന്ത്യയുടെയും സാംസ്കാരിക തനിമ വിളിച്ചോതുന്ന തരത്തിലുള്ള കലാസാംസ്കാരിക പരിപാടികളാണ് മലയാളി കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കിയിരുന്നത്. ചെണ്ടമേളവും തിരുവാതിരകളിയും മാവേലി വരവും ഭരതനാട്യം, മോഹിനിയാട്ടം, നൃത്തനൃത്യങ്ങളും ഓണസദ്യയും എല്ലാം ചേർന്ന് കൂട്ടായ്മയുടെ ഉത്സവമായി പരിപാടി മാറി.കേരളീയമായ വേഷവിധാനങ്ങളോടെ പരിപാടികളിൽ പങ്കെടുത്ത എഴുനൂറിൽ പരം മലയാളികൾ തനതായ രീതിയിൽലുള്ള ഓണസദ്യ ആസ്വദിച്ചു. ഡെപ്യൂട്ടി പ്രീമിയറിനെ പ്രതിനിധീകരിച്ചു പെൻറിത് എംപി കരൺ മക്യേൺ, മേയർ ട്രിഷ്യ ഹിച്ചൻ, കൗൺസിലർ മാർലീൻ ഷിപ്ലി എന്നിവർ വിശിഷ്ടാതിഥികളായി.
പ്രസിഡന്റ് തോമസ് ജോൺ വൈസ് പ്രസിഡന്റ് ഹരിലാൽ വാമദേവൻ, സെക്രട്ടറി കിരൺ സജീവ്, ട്രെഷറർ ഡോ. ജോമോൻ കുര്യൻ, അസിസ്റ്റന്റ് ട്രെഷറർ മനോജ് കുര്യൻ, പബ്ലിക് ഓഫീസർ/ജോയിന്റ് സെക്രട്ടറി ഡോ. അവനീശ് പണിക്കർ, കമ്മിറ്റി അംഗം ജോജോ ഫ്രാൻസിസ്, സതീഷ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഡോണ റിച്ചാർഡ്, വിക്ടോറിയ സെബി എന്നിവർ അവതാരകർ ആയി. 2019 – 2022 വർഷങ്ങളിൽ എച്ച്എസ്സിയിൽ ഉന്നത വിജയം നേടിയവർക്കുള്ള അംഗീകാര പത്രങ്ങളും സമ്മാനങ്ങളും നൽകി.
പ്രവാസ ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറി കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും പങ്കിടലും ഒത്തുചേരലുമായി പെന്റിത്ത് മലയാളി സമൂഹത്തിന് ഈ ഓണക്കാലം.