കോട്ടയം: മതമേലധ്യക്ഷന്മാരുടെ അനുഗ്രഹത്തോടെയാണ് ബിജെപി അംഗത്വം എടുത്തതെന്ന് പി.സി ജോർജ്. ബിജെപി നേതൃത്വം പറഞ്ഞാൽ കേരളത്തിൽ എവിടെയും മത്സരിക്കുമെന്നും പിസി ജോർജ് വ്യക്തമാക്കി. മണിപ്പൂരിൽ നടക്കുന്നത് വംശീയ കലാപമാണെന്നും ബ്രിട്ടീഷ് ഭരണകാലത്ത് മുതൽ കലാപം നിലനിൽക്കുന്നു എന്നും പിസി കുറ്റപ്പെടുത്തി. മറിച്ചുള്ള പ്രചാരണങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇത് സഭാ അധ്യക്ഷന്മാരും വൈദികരും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പിസി പറഞ്ഞു. റബർ കർഷകരുടെ പ്രതിസന്ധിയിൽ രണ്ടാഴ്ചക്കകം കേന്ദ്രസർക്കാരിന്റെ ഇടപെടലുണ്ടാകുമെന്നും പി.സി ജോർജ് വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് ദില്ലിയിൽ ബിജെപി ആസ്ഥാനത്ത് പിസി ജോർജും മകൻ ഷോൺ ജോർജും പാർട്ടി അംഗത്വം സ്വീകരിച്ചത്. ക്രൈസ്തവ സഭാ നേതൃത്വങ്ങളുടെ സമ്മത പ്രകാരമാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് പി സി ജോര്‍ജ്ജ് അവകാശപ്പെട്ടു. ഇത് തുടക്കം മാത്രമാണെന്നും കേരളത്തിൽനിന്നും കൂടുതൽ നേതാക്കൾ വൈകാതെ പാർട്ടിയിലെത്തുമെന്നും ബിജെപി കേന്ദ്ര നേതാക്കൾ പറഞ്ഞു.
കേരള കോണ്‍ഗ്രസില്‍ നിന്ന് ജനപക്ഷം വഴി ഒടുവിലാണ് പി.സി. ജോർജ് ബിജെപിയിൽ എത്തിയിരിക്കുന്നത്. എന്‍ഡിഎയുടെ ഭാഗമാകാന്‍ ശ്രമിച്ച ജോര്‍ജ്ജ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദശപ്രകാരം ജനപക്ഷത്തെ ബിജെപിയില്‍ ലയിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറിന്റെയും വി മുരളീധരന്റെയും കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാക്കളുടെയും സാന്നിധ്യത്തിലാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്.
പിസി ജോർജിന് പുറമെ, മകൻ ഷോൺ ജോർജും ജനപക്ഷം ജന സെക്രട്ടറി ജോർജ് ജോസഫും അംഗത്വമെടുത്തു. കത്തോലിക്ക സമുദായത്തിലെ പ്രമുഖനാണ് പിസി ജോർജെന്നും, ജോർജിന്റെ വരവോടെ ന്യൂനപക്ഷ വിരുദ്ധരാണ് ബിജെപിയെന്ന പ്രചാരണം പൊളിഞ്ഞെന്നും നേതാക്കൾ പറഞ്ഞു. ബിജെപിയില്‍ ചേരുന്നതിന് മുന്‍പ് സഭകളുടെ സമ്മതം തേടിയിരുന്നുവെന്ന് പിസി ജോര്‍ജ്ജും പറഞ്ഞു. ബിജെപിയിലെത്തിയ പിസി ജോര്‍ജിന് സംസ്ഥാന ഘടകത്തില്‍ എന്ത് പദവി നല്‍കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ലോക് സഭ തെരഞ്ഞെടുപ്പില്‍ പത്തനം തിട്ടയില്‍ നിന്ന് ജോര്‍ജ് മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്.