പേടിഎം ഇ – കൊമേഴ്സ് ഇനി പേയ് പ്ലാറ്റ്ഫോമുകൾ എന്ന പേരിൽ അറിയപ്പെടും. ഓൺലൈൻ സാമ്പത്തിക ഇടപാട് പ്ലാറ്റ്ഫോമായ പേടിഎമ്മാണ് ഇതിന്റെ പേര് മാറ്റുന്നത്. ഓൺലൈൻ റീട്ടെയിൽ ബിസിനസിൽ ഓഹരി നേടിക്കൊണ്ട് ഒഎൻഡിസിയിലെ വില്പന പ്ലാറ്റ്ഫോമായ ബിറ്റ്സില സ്വന്തമാക്കിയതിന് പിന്നാലെയാണ് പേര് മാറ്റുന്നത്.
ഏകദേശം മൂന്ന് മാസം മുൻപ് കമ്പനി പേര് മാറ്റത്തിന് അപേക്ഷിച്ചിരുന്നു. ഫെബ്രുവരി എട്ടിന് കമ്പനി രജിസ്ട്രാറിൽ നിന്ന് അംഗീകാരം നേടിയെന്നുമാണ് വിവരം. പേടിഎം ഇ-കൊമേഴ്സിലെ ഏറ്റവും വലിയ ഓഹരി ഉടമയാണ് എലിവേഷൻ ക്യാപിറ്റൽ. ഇതിന് സപ്പോർട്ട് നല്കുന്നവരിൽ പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖർ ശർമ്മ, സോഫ്റ്റ്ബാങ്ക്, ഇബേ എന്നിവരുമുണ്ട്.
2020-ൽ സമാരംഭിച്ച ഇന്നോബിറ്റ്സ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് (ബിറ്റ്സില) കമ്പനി ഇപ്പോൾ ഏറ്റെടുത്തിട്ടുണ്ടെന്നും ഫുൾ-സ്റ്റാക്ക് ഓമ്നിചാനലും ഹൈപ്പർലോക്കൽ കൊമേഴ്സ് ശേഷിയും ഉള്ള ഒരു ഒഎൻഡിസി സെല്ലർ പ്ലാറ്റ്ഫോമായി പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. അതുപോലെ ഒഎൻഡിസി നെറ്റ്വർക്കിലെ മുൻനിര ബയർ പ്ലാറ്റ്ഫോമാണ് പേയ് പ്ലാറ്റ്ഫോമുകൾ.
ബിറ്റ്സിലയുടെ ഏറ്റെടുക്കൽ അതിന്റെ കൊമേഴ്സ് പ്ലേയെ കൂടുതൽ ശക്തിപ്പെടുത്താൻ ഇത് സഹായിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. 2020-ൽ സമാരംഭിച്ച ബിറ്റ്സില ഒഎൻഡിസിയിലെ മികച്ച മൂന്ന് വിൽപ്പന പ്ലാറ്റ്ഫോമുകളിൽ ഒന്നാണ്. ഒഎൻഡിസിയിലെ മക്ഡൊണാൾഡ്, ബിഗ്ബാസ്ക്കറ്റ് തുടങ്ങിയ മാർക്വീ ബ്രാൻഡുകളെ ഇത് സപ്പോർട്ട് ചെയ്യുന്നുണ്ട്.
കൂടാതെ ബിറ്റ്സിലയുടെ ഫുൾ-സ്റ്റാക്ക് ഓമ്നിചാനലും ഹൈപ്പർലോക്കൽ കൊമേഴ്സ് കഴിവുകളും അതിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടി. 30-ലധികം നഗരങ്ങളിലെ 10,000 ലധികം സ്റ്റോറുകളിലായി 600 ദശലക്ഷത്തിലധികം ഉല്പന്ന വിഭാഗങ്ങൾ കൈകാര്യം ചെയ്യാൻ ഇത് അനുവദിക്കുമെന്നാണ് സൂചന.