ന്യൂ സൗത്ത് വെയിൽസ് പാർലമെന്റിലെ ഇരു സഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പാണ് അടുത്ത ശനിയാഴ്ച നടക്കുന്നത്.അധോസഭയായ ലെജിസ്ലേറ്റീവ് അസംബ്ലിയിലെ 93 ഇലക്ടറൽ ജില്ലകളിലേക്കും, ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിലിലെ പകുതി സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്.നാലു വർഷത്തിലൊരിക്കലാണ് സംസ്ഥാന പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.42 അംഗങ്ങളുളള ലെജിസ്ലേറ്റീവ് കൗൺസിലിലെ 21 അംഗങ്ങളെ ഈ ശനിയാഴ്ച തെരഞ്ഞെടുക്കും.എട്ടു വർഷമായിരിക്കും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളുടെ കാലാവധി. അതായത്, രണ്ട് പാർലമെന്റ് കാലാവധികളിൽ കൗൺസിൽ അംഗങ്ങൾക്ക് തുടരാം.തുടർച്ചയായി നാലാം തവണയും അധികാരത്തിലേക്ക് എത്താനുള്ള ശ്രമത്തിലാണ് പ്രീമിയർ ഡൊമിനിക് പെരോറ്റെയുടെ നേതൃത്വത്തിലുള്ള ലിബറൽ-നാഷണൽ സഖ്യകക്ഷി തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്.മറുവശത്ത്, ക്രിസ് മിൻസ് ലേബർ നേതാവായ ശേഷം പാർട്ടി നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്.
ഓസ്ട്രേലിയയിലെ മറ്റെല്ലാ തെരഞ്ഞെടുപ്പുകളും പോലെ, നിർബന്ധിത വോട്ടിംഗാണ് NSW തെരഞ്ഞെടുപ്പിലും. ചെയ്യാത്തവർക്ക് പിഴശിക്ഷ ഉണ്ടാകും.മാർച്ച് 25ന് നേരിട്ട് വോട്ടു ചെയ്യാൻ കഴിയാത്ത സാഹചര്യങ്ങളുണ്ടെങ്കിൽ പോസ്റ്റൽ വോട്ടിനായി അപേക്ഷിക്കാം.മാർച്ച് 20 തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിവരെയാണ് പോസ്റ്റൽ വോട്ടിനായി അപേക്ഷ സമർപ്പിക്കാൻ കഴിയുന്നത്.iVote അഥവാ ഓൺലൈൻ വോട്ടിംഗ് സമ്പ്രദായം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകില്ല.മാർച്ച് 25ന് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലുമായി 2450 വോട്ടിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കും.സ്കൂളുകൾ, ആരാധനാലയങ്ങൾ, കമ്മ്യൂണിറ്റി കേന്ദ്രങ്ങൾ തുടങ്ങിയവയിലായിരിക്കും പോളിംഗ് കേന്ദ്രങ്ങൾ.രാവിലെ എട്ടു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്.എവിടെ വോട്ടു ചെയ്യാം എന്ന കാര്യം NSW തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ അറിയാം.പോളിംഗ് സ്റ്റേഷനിലെത്തുമ്പോൾ വോട്ടർപട്ടികയിൽ പേരില്ലെങ്കിലോ, അല്ലെങ്കിൽ മറ്റൊരു സീറ്റിലെ പോളിംഗ് സ്റ്റേഷനിലാണ് നിങ്ങൾ വോട്ടു ചെയ്യാൻ പോകുന്നതെങ്കിലോ, നിങ്ങൾക്ക് ഡിക്ലറേഷൻ വോട്ട് ചെയ്യാൻ കഴിയും. നിങ്ങൾ വോട്ടു ചെയ്തതായാണ് വോട്ടർ പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും ഡിക്ലറേഷൻ വോട്ട് ചെയ്യാം.സാധാരണ ബാലറ്റിൽ നിന്ന് വ്യത്യസ്തമായി, കൂടുതൽ പരിശോധനകൾക്ക് ശേഷമാകും ഡിക്ലറേഷൻ വോട്ട് എണ്ണുന്നത്.
വോട്ടിംഗ് ദിവസം ന്യൂ സൗത്ത് വെയിൽസിൽ ഇല്ലാത്തവർക്ക് വോട്ട് ചെയ്യാൻ മറ്റു നിരവധി മാർഗ്ഗങ്ങളുണ്ട്.മുൻകൂർ വോട്ടിംഗ് (ഏർലി വോട്ടിംഗ്), പോസ്റ്റൽ വോട്ടിംഗ്, ഡിക്ലയേർഡ് ഫാമിലി വോട്ടിംഗ്, ടെലിഫോൺ വോട്ടിംഗ് എന്നിവയാണ് മറ്റു മാർഗ്ഗങ്ങൾ. വോട്ടെടുപ്പ് ദിവസം മറ്റൊരു സംസ്ഥാനത്താണ് നിങ്ങളെങ്കിൽ, യാത്രക്ക് മുമ്പു തന്നെ ഏർലി വോട്ടിംഗ് കേന്ദ്രത്തിലെത്തി വോട്ട് ചെയ്യാം.അല്ലെങ്കിൽ പോസ്റ്റൽ വോട്ട് ചെയ്യാം.വോട്ടെടുപ്പ് ദിവസം വിദേശരാജ്യത്താണെങ്കിൽ പോസ്റ്റൽ വോട്ട് ചെയ്യാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കുന്നത്.തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ ചെറുക്കാനായി കമ്മീഷൻ ഒരു ഡിസിൻഫർമേഷൻ രജിസ്റ്റർ സൂക്ഷിക്കുന്നുണ്ട്. വ്യാജ പ്രചാരണങ്ങളും, പ്രസ്താവനകളും ഇതിൽ രേഖപ്പെടുത്തുകയും, അവയുടെ സത്യാവസ്ഥ വിശദീകരിക്കുകയും ചെയ്യും.
വോട്ട് ചെയ്യുന്നതിനെക്കുറിച്ച് കൂടതലറിയാൻ elections.nsw.gov.au സന്ദർശിക്കുക, അല്ലെങ്കിൽ 1300 135 736 വിളിക്കുക.