പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിൽ കേരളത്തിലെ പ്രശ്നങ്ങൾ ഉയര്‍ത്തി കെപിസിസി പ്രസിഡന്റ് കൂടിയായ കണ്ണൂര്‍ എംപി കെ സുധാകരന്റെ അടിയന്തിര പ്രമേയ നോട്ടീസ്. വിഐപി സുരക്ഷയുടെ പേരിൽ കേരളത്തിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന് കെ സുധാകരൻ അടിയന്തിര പ്രമേയ നോട്ടീസിൽ വിമര്‍ശിക്കുന്നു. സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചവരെ ഡെപ്യൂട്ടി കമ്മീഷണർ കെഇ ബൈജു നേരിട്ട രീതി ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും. ഈ മാസം 22 വരെയാണ് സമ്മേളനം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ചേരുന്ന സമ്മേളനത്തിൽ 19 ബില്ലുകൾ അവതരിപ്പിക്കും. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്രക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് സഭയിൽ വച്ചേക്കും. മഹുവ മൊയ്ത്രയെ സഭയിൽ നിന്ന് പുറത്താക്കണമെന്നുള്ള റിപ്പോർട്ട് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷം, ഏജൻസിയുടെ വാദം തള്ളും.
ഇസ്രായേൽ-പലസ്തീൻ സംഘർഷവും ഇന്ത്യയുടെ നിലപാടും സഭാനടപടികൾ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നാശ്യപ്പെട്ട് എൻകെ പ്രേമചന്ദ്രനും ബെന്നി ബഹന്നാനും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഖത്തറിൽ മുൻ നാവിക സേന ഉദ്യോഗസ്ഥരായ എട്ട് പേര്‍ക്ക് വധശിക്ഷ വിധിച്ചതിൽ ചർച്ച ആവശ്യപ്പെട്ടാണ് കോൺഗ്രസ് എംപി മനീഷ് തിവാരി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. അഴിമതി ആരോപണത്തിൽ തമിഴ്നാട്ടിലും രാജസ്ഥാനിലും ഇഡി ഉദ്യോഗസ്ഥർ അറസ്റ്റിലായതിൽ ചർച്ച ആവശ്യപ്പെട്ട് മാണിക്യം ടാഗോർ എം പി യും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.