സിഡ്നി: ഓസ്ട്രേലിയക്കടുത്തുള്ള ദ്വീപു രാജ്യമായ പാപ്പുവ ന്യൂ ഗിനിയയിലെ വിദൂര ഗ്രാമത്തില്‍ വൻ മണ്ണിടിച്ചിലില്‍ 100 പേർ മരിച്ചു.
ദക്ഷിണ പസഫിക് ദ്വീപ് രാഷ്ട്രത്തിന്റെ തലസ്ഥാനമായ പോർട്ട് മോറെസ്ബിയില്‍ നിന്ന് ഏകദേശം 600 കിലോമീറ്റർ വടക്ക് പടിഞ്ഞാറ്, എൻഗ പ്രവിശ്യയിലെ കൗക്കളം ഗ്രാമത്തില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് ദുരന്തമുണ്ടായത്.
വൻതോതിലുള്ള മണ്ണിടിച്ചിലില്‍ ഏതാണ്ട് ആറിലധികം ഗ്രാമങ്ങളില്‍ ഡസൻ കണക്കിന് വീടുകളും കുടുംബങ്ങളും ജീവനോടെ കുഴിച്ചുമൂടപ്പെട്ടതായി ആസ്ട്രേലിയൻ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.അവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വ്യക്തമല്ല, ആളപായമൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പുലർച്ചെ 3 മണിയോടെ കാക്കളം ഗ്രാമത്തില്‍ നിദ്രയിലായിരുന്ന ആളുകളുടെ മുകളിലേക്കാണ് ഉരുള്‍ പൊട്ടലില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. നൂറിലധികം പേർ കൊല്ലപ്പെട്ടതായി ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനും മറ്റ് പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തെങ്കിലും മരണസംഖ്യ ഏകദേശം 300 കടക്കുമെന്നും അനൗദ്യോഗിക റിപ്പോർട്ടുണ്ട്.
വിവിധ വ്യക്തികള്‍ പോസ്റ്റ് ചെയ്തിരിക്കുന്ന സോഷ്യല്‍ മീഡിയ ഫൂട്ടേജുകളില്‍ ഒലിച്ചു വന്ന പാറകള്‍, പിഴുതു വീണ മരങ്ങള്‍, മണ്‍കൂനകള്‍ എന്നിവയ്ക്ക് മുകളില്ലൂടെ ആളുകള്‍ രക്ഷപ്പെട്ടവരെ തിരയുന്നത് കാണാം. മണ്ണിടിഞ്ഞ് വീണ മൃതദേഹങ്ങള്‍ നാട്ടുകാർ പുറത്തെടുക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
എന്നാല്‍ പാപ്പുവ ന്യൂ ഗിനിയയിലെ അധികാരികള്‍ അന്വേഷണങ്ങളോട് വേണ്ട വിധത്തില്‍ പ്രതികരിക്കുന്നില്ലെന്ന് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.