കൽപറ്റ: വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിയത് മുഖ്യമന്ത്രിയുടെ ഇടപെടലിൽ. അടിയന്തരപരിഹാരം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി കടുത്ത നിലപാടെടുത്തു. വനനിയമം പറഞ്ഞ് കടിച്ചു തൂങ്ങരുതെന്നും ജനങ്ങളുടെ ജീവന് ആപത്തുണ്ടാകരുതെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ കർശന നിർദേശം. ഉന്നതതലയോഗത്തിന് മുമ്പ് വനം മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ഇക്കാര്യം അറിയിച്ചു.
ദുരന്ത നിവാരണ നിയമ പ്രകാരം ഇടപെടുമെന്ന് ചീഫ് സെക്രട്ടറി വനം മന്ത്രിയേയും സെക്രട്ടറിയെയും അറിയിച്ചു. മനുഷ്യ ജീവന് ആപത്ത് ഉണ്ടായാൽ മറ്റ് നിയമങ്ങളെ ഡിഎംഎ ആക്ട് സെക്ഷൻ 72 പ്രകാരം മറികടക്കാം. ഇക്കാര്യം വനം വകുപ്പിനെ അറിയിച്ചു. ഇതോടെയാണ് നരഭോജി കടുവയായി വനം വകുപ്പ് പ്രഖ്യാപിച്ചത്. ഉന്നതതല യോഗത്തിന് മുമ്പാണ് മുഖ്യമന്ത്രി കടുത്ത നിലപാട് അറിയിച്ചത്.
മുഖ്യമന്ത്രി കൂടി പങ്കെടുത്ത വനംമന്ത്രി എ കെ ശശീന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായത്. പഞ്ചാരകൊല്ലിയിൽ സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയ അതേ കടുവ വീണ്ടും അക്രമാസക്തമായതായിരുന്നു നരഭോജി പ്രഖ്യാപനത്തിന് കാരണമായത്. ഇതോടെ കടുവയെ വെടിവെച്ചു കൊല്ലാനുള്ള തടസ്സം നീങ്ങികിട്ടി.
എജി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചർച്ചചെയ്ത് നിയമപദേശം തേടിയാണ് സർക്കാർ തീരുമാനമെടുത്തത്. വനഭാഗത്തോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിലെ അടിക്കാട് അടിയന്തരമായി വെട്ടാനും യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. വന്യജീവി പ്രശ്നങ്ങൾ ഉള്ള കേരളത്തിലെ വിവിധയിടങ്ങളിൽ 400 പുതിയ ക്യാമറകൾ സ്ഥാപിക്കും. ഇതിൽ 100 ക്യാമറകൾ വയനാട്ടിൽ മാത്രം സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. പട്രോളിങ് ശക്തമാക്കാനും തീരുമാനമെടുത്തിട്ടുണ്ട്