തിരുവനന്തപുരം: പള്ളിക്കൽ കൊലപാതകത്തില്‍ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. നാല്‍പ്പത്തിയഞ്ചുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കാട്ടുപുതുശേരി സ്വദേശി മുജീബ് ഇന്നലെ അര്‍ധരാത്രിയാണ് പിടിയിലായത്. പ്രതിയുടെ ഭാര്യയുമായി കൊല്ലപ്പെട്ട ഷിബുവിന് (ഷിഹാബുദ്ദീൻ) ബന്ധമുണ്ടായിരുന്നുവെന്നാരോപിച്ചാണ് കുത്തിക്കൊലപ്പെടുത്തിയത്.
കൊല്ലം വെളിനല്ലൂർ സ്വദേശി ഷിബു എന്ന് വിളിക്കുന്ന 45 വയസ്സുള്ള ഷിഹാബുദ്ദീൻ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് ബന്ധുവായ മുജീബ്, ഷിബുവിനെ കുത്തിക്കൊലപ്പെടുത്തിയത്. വീട്ടിലേക്കുള്ള വഴിയില്‍ കാത്തുനിന്നശേഷം കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. രാത്രി തന്നെ നടത്തിയ വ്യാപക തെരച്ചിലിനിടയിലാണ് പ്രതിയെ കണ്ടെത്തിയത്.