ഇസ്ലാമാബാദ്: പാകിസ്താനില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വ്യാപിക്കുന്നു. ഇതുവരെ 21 ദേവാലയങ്ങളും ക്രിസ്ത്യൻ വിഭാഗത്തില്‍പ്പെട്ടവരുടെ 400 വീടുകളും അക്രമകാരികള്‍ പൂര്‍ണമായും അഗ്നിക്കിരയാക്കി.
ഹ്യൂമന്‍ റൈറ്റ്സ് ഫോക്കസ് പാകിസ്താൻ (എച്ച്ആര്‍എഫ്പി) ആണ് ഇത് സംബന്ധിച്ചിട്ടുള്ള റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫൈസലാബാദിലെ ജരന്‍വാലയില്‍ ക്രിസ്ത്യന്‍ സമൂഹത്തിനു നേരെ ഭീകരമായ ആക്രമണമാണ് നടന്നത്. 19 പളളികള്‍ പൂര്‍ണമായും രണ്ട് പള്ളികള്‍ ഭാഗികമായും തകര്‍ത്തു. 400 ലേറെ ക്രിസ്ത്യാനികളുടെ വീടുകള്‍ ഭാഗീകമായും 89 വീടുകള്‍ പൂര്‍ണമായും അക്രമകാരികള്‍ തകര്‍ത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.പുരോഹിതന്മാരുടെ വീടുകള്‍ ഉള്‍പ്പെടെയാണ് അക്രമകാരികള്‍ തകര്‍ത്തത്. അക്രമം ഭയന്ന് പതിനായിരത്തോളം പേരാണ് വിവിധ ഇടങ്ങളില്‍ ഒളിച്ച് താമസിക്കുന്നത്.
ആക്രമണങ്ങളില്‍ ഇരയാക്കപ്പെട്ട 150 ല്‍ അധികം സഭാനേതാക്കള്‍, പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് എച്ച്ആര്‍എഫ്പി പറഞ്ഞു. ക്രിസ്ത്യാനികളായ രണ്ട് പേര്
ഖുര്‍ആനെ അവഹേളിച്ചെന്നും മതനിന്ദ നടത്തിയെന്നും ആരോപിച്ചാണ് പാകിസ്താനില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമം നടക്കുന്നത്. ഓഗസ്റ്റ് 14 നാണ് അക്രമം ആരംഭിച്ചത്.
പ്രവാചക നിന്ദ ആരോപിച്ച് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാൻഡില്‍ തുടരുകയാണ്. ജരന്‍വാലയിലെ അക്രമികളെ വിവിധ ഇസ്ലാമിക മത സംഘടനകളും മൗലവിമാരും സഹായിച്ചതായി രക്ഷപ്പെട്ടവരില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതായി എച്ച്ആര്‍എഫ്പി പ്രസിഡന്റ് നവീദ് വാള്‍ട്ടര്‍ പറഞ്ഞു.
പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയില്‍ ജറന്‍വാല റോഡില്‍ സ്ഥിതി ചെയ്യുന്ന പള്ളികള്‍ അഗ്നിക്കിരയാക്കിയാണ് കലാപം ആരംഭിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പാകിസ്താനില്‍ ക്രൈസ്തവര്‍ക്കതിരായ ആക്രമണം അതിരൂക്ഷമായിട്ടും ലോകം മൗനം പാലിക്കുകയാണെന്ന് വിമര്‍ശിച്ച് ഇസ്രായേലി മാദ്ധ്യമപ്രവര്ത്തകൻ ഹയാനാ നഫ്താലി രംഗത്ത് വന്നിരുന്നു.