തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രിയുമായ കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍.
കരുണകരന്റെ മകൾ ബിജെപിയിൽ പോകുമെന്നു കരുതുന്നില്ലെന്നും പാർട്ടി വിടാനുള്ള കാരണം ഉണ്ടെങ്കിൽ അത് പോലും ഒരു സൃഷ്ടി ആണെന്നും മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ പറഞ്ഞു.
പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമാണ് പത്മജ,എല്ലാ തരത്തിലുള്ള ബഹുമാനവും പാർട്ടി പത്മജക്ക് നൽകിയിട്ടുണ്ട്, ആരുടെയെങ്കിലും പാർട്ടി മാറ്റം ഒന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജെബി മേത്തർ.
പത്മജ സ്വന്തം പിതാവിനെ ഓര്‍ത്തിരുന്നെങ്കില്‍ വവര്ഗീയ പാര്‍ട്ടിക്ക് ഒപ്പം പോകില്ലായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍.
ലീഡറുടെ പാരമ്പര്യം മകൾ മനസിലാക്കണമായിരുന്നു, പത്മജക്ക് പാർട്ടി ഒരുപാട് അവസരങ്ങൾ നൽകി, ഇത്രയും അവസരങ്ങൾ കിട്ടിയ മറ്റൊരാൾ പാർട്ടിയിൽ ഇല്ലെന്നും രാഹുൽ പറഞ്ഞു.
ബിജെപിയിലേക്ക് പോകുന്നതില്‍ നിന്ന് പത്മജയെ പിന്തിരിപ്പിക്കാൻ കോണ്‍ഗ്രസില്‍ നിന്ന് ശ്രമങ്ങളുണ്ടായി എന്നാണ് വിവരം. കെ സി വേണുഗോപാല്‍ ഇത്തരത്തില്‍ പത്മജയുമായി നടത്തിയ അനുനയ ചര്‍ച്ച ഫലം കണ്ടില്ലെന്ന വാര്‍ത്തയും വരുന്നുണ്ട്. ഇനി കോണ്‍ഗ്രസിന് കിട്ടുന്ന രാജ്യസഭ സീറ്റ് വേണമെന്ന നിലപാടില്‍ പത്മജ ഉറച്ചുനില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
പത്മജ ഇന്ന് ബിജെപി ആസ്ഥാനത്തെത്തി പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് വാര്‍ത്തകള്‍ വന്നിട്ടുള്ളത്. നേരത്തെ തന്നെ പത്മജയുടെ ബിജെപി പ്രവേശത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ വന്നിരുന്നുവെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ പത്മജ ഇത് നിഷേധിച്ചിരുന്നു. പിന്നീട് ഈ ഫേസ്ബുക്ക് പോസ്റ്റ് ഇവര്‍ നീക്കം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലെ ബയോയിലും പത്മജ മാറ്റം വരുത്തി. ‘ഇന്ത്യൻ പൊളിറ്റീഷ്യൻ ഫ്രം കേരള’ എന്നാണ് ബയോ മാറ്റിയിരിക്കുന്നത്.