ബൊഗോട്ട: കൊക്കെയ്ൻ ഹിപ്പോകൾ പെറ്റുപെരുകി. വലഞ്ഞ് കൊളംബിയൻ സർക്കാർ. പലവഴി നോക്കിയിട്ടും രക്ഷയില്ല. അക്രമകാരികളായ ഹിപ്പോപ്പൊട്ടാമസുകളുടെ എണ്ണം അനിയന്ത്രിതമായി പെരുകുന്നത് ഒരു രാജ്യത്തിന്റെ ജൈവ വൈവിധ്യത്തെ വരെ ബാധിക്കുന്ന അവസ്ഥയിലെത്തിയതോടെ പ്രതിവിധികൾ തേടുകയാണ് കൊളംബിയ.
കുപ്രസിദ്ധ ലഹരിമാഫിയ തലവൻ പാബ്ലോ എസ്കോബാറിന്റെ അരുമ ഹിപ്പോപ്പൊട്ടാമസുകളാണ് കൊളംബിയയെ വലയ്ക്കുന്ന വലിയ പ്രശ്നം. സ്വാഭാവിക രീതിയിലുള്ള വേട്ടക്കാർ കൂടി ഇല്ലാത്ത സാഹചര്യത്തിൽ വളരെ വേഗത്തിൽ പെറ്റുപെരുകിയ ഇവയുടെ എണ്ണം 160 ആയതായാണ് വിവരം. വിളകൾ നശിപ്പിച്ചും ഗ്രാമങ്ങളിൽ അലഞ്ഞ് നടന്നും ഗതാഗത തടസമുണ്ടാക്കിയും ഇവ കൊളംബിയയ്ക്ക് പാബ്ലോ എസ്കോബാറിനേക്കാൾ വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്.
1980 കാലഘട്ടത്തിൽ ആളുകളെ ആകർഷിക്കാനായാണ് പാബ്ലോ എസ്കോബാർ സ്വകാര്യ മൃഗശാല ഒരുക്കിയത്. ആനകളും ഒട്ടക പക്ഷികളും ഹിപ്പോപ്പൊട്ടാമസുകളുമാണ് ഈ മൃഗശാലയിലേക്ക് അനധികൃത പാതയിൽ എത്തിച്ചത്. മൂന്ന് ഹിപ്പോപ്പൊട്ടാമസുകളാണ് 1993ൽ എസ്കോബാർ കൊല്ലപ്പെടുമ്പോൾ ഇവിടെയുണ്ടായിരുന്നത് രണ്ട് പെൺ ഹിപ്പോകളും ഒരു ആൺ ഹിപ്പോയുമായിരുന്നു. എസ്കോബാറിന്റെ മരണത്തിന് പിന്നാലെ 1998ൽ മൃഗശാല സർക്കാർ അധീനതയിൽ ആയെങ്കിലും ഹിപ്പോകൾ ഒഴികെയുള്ള മൃഗങ്ങളെ പുനരധിവസിപ്പിക്കാൻ മാത്രമാണ് കൊളംബിയൻ സർക്കാരിന് സാധിച്ചത്.
ഇതോടെ അലഞ്ഞ് തിരിയാൻ ആരംഭിച്ച ഹിപ്പോകൾ 2023 ആയപ്പോഴേയ്ക്കും 160 എണ്ണമായി പെരുകുകയായിരുന്നു. ഇവയുടെ അമിത പ്രജനനം തടയുന്നതിന് വ്യത്യസ്തമായ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അടക്കമുള്ളവ പ്രയോഗിച്ചിട്ടും രക്ഷയില്ലാത്ത സ്ഥിതിയിലാണ് നിലവിലുള്ളത്. തെരുവുകളിൽ കന്നുകാലികളെന്ന രീതിയിലാണ് ഇവ അലഞ്ഞ് നടക്കുന്നത്. ഇവയുടെ വിസർജ്യം വെള്ളത്തിൽ കലർന്ന് ചില പ്രത്യേകയിനം ആൽഗകൾ വളർന്ന് മത്സ്യ സമ്പത്തിന് ആപത്തുണ്ടാക്കുന്നതിന് പുറമേ വലിയ രീതിയിലാണ് ഇവ വിളകൾ നശിപ്പിക്കുന്നത്.
വന്ധ്യംകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഓരോ ഹിപ്പോയ്ക്കും ഏറെക്കുറെ ചെലവ് വരുന്നത് പതിനായിരം യുഎസ് ഡോളർ വീതമാണ്. പരിസ്ഥിതിയെ ഇവ പൂർണമായി നശിപ്പിക്കുന്നത് തടയാനുള്ള ശ്രമങ്ങൾ ഊർജ്ജിതമെന്നാണ് കൊളംബിയയുടെ പരിസ്ഥിതി മന്ത്രി സുസന മൊഹമ്മദ് വിശദമാക്കുന്നത്.