ബ്രിസ്ബേൻ: സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ വാർഷിക ആഘോഷ വേദി കെെയടക്കി ഇടവകയിലെ മുത്തശന്മാരും മുത്തശിമാരും.ഇടവകയിലെ ഭക്തസംഘടനകളുടെ വാർഷിക ആഘോഷ വേദിയിലാണ് സദസിന്റെ നിറ കൈയടികൾ ഏറ്റുവാങ്ങി രണ്ട് ക്രിസ്ത്യൻ പാട്ടുകളുമായി 17 പേരടങ്ങിയ സംഘം തിളങ്ങിയത്.നാട്ടിൽ നിന്നും മക്കളുടെയും പേരക്കുട്ടികളുടെയും ഒപ്പം സമയം ചെലവിടാൻ എത്തിയ ഇവരിൽ പലരും ആദ്യമായാണ് ഒരു പൊതുവേദിയിൽ പരിപാടി അവതരിച്ചത്.
എങ്കിലും യാതൊരും സഭാകമ്പവും കൂടാതെ ഈണത്തിൽ അവർ ഒരേ സ്വരത്തിൽ പാടിയപ്പോൾ നാനൂറിൽ പരം വരുന്ന സദസും അവർക്കൊപ്പം ഹർഷാവരവങ്ങളോടെ ചേർന്നു പാടി.വാർഷിക ആഘോഷത്തിൽ മുഖ്യഅതിഥിയായി പങ്കെടുത്ത ക്വീൻസ്ലാൻഡ് പാർലമെന്റിലെ സ്ട്രെട്ടൻ വാർഡ് പ്രതിനിധി ജെയിംസ് മാർട്ടിൻ ഫേസ്ബുക്കിൽ ഇവരോടപ്പമുള്ള ഫോട്ടോ പങ്കുവെച്ചു മാതാപിതാക്കൾ സമൂഹത്തിനു ചെയ്യുന്ന സംഭാവനകളെ പ്രകീർത്തിച്ചു.
ഇടവകാംഗം ഷിബു പോൾ തുരുത്തിയിൽ ആണ് ഇവരെ ഏകോപിപ്പിച്ചു കൊണ്ടുള്ള ഈ വ്യത്യസ്ത ഉദ്യമത്തിന് ചുക്കാൻ പിടിച്ചത്.