ബെയ്ജിംഗ്: സാധാരണ പൗരനായ ആദ്യ യാത്രികനുമായി ചൈന ബഹിരാകാശ പേടകം വിജയകരമായി വിക്ഷേപിച്ചു. ഇന്നലെ വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍നിന്ന് രാവിലെ 9:31ന് (ബെയ്ജിംഗ് സമയം) ഷെൻസോ 16 റോക്കറ്റാണ് ബെയ്ജിംഗിലെ സര്‍വകലാശാല പ്രഫസര്‍ ഗുയി ഹായ്ചാവോയെയും മറ്റു രണ്ടു യാത്രകരെയും വഹിച്ച് ബഹിരാകാശത്തേക്കു കുതിച്ചത്.
വിക്ഷേപണം കഴിഞ്ഞ് ഏകദേശം 10 മിനിറ്റിനുശേഷം, യാത്രക്കാരുടെ മൊഡ്യൂള്‍ ഷെൻസോ 16 റോക്കറ്റില്‍ നിന്ന് വേര്‍പെട്ട് അതിന്റെ നിയുക്ത ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ക്രൂ അംഗങ്ങള്‍ സുരക്ഷിതരാണെന്നും വിക്ഷേപണം പൂര്‍ണ വിജയമാണെന്നും ചൈന മാൻഡ് സ്പേസ് ഏജൻസി അറിയിച്ചു.
മൂവരും അഞ്ചു മാസത്തോളം ഭ്രമണപഥത്തില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. നാലാമത്തെ തവണ ബഹിരാകാശത്തേക്കു പോകുന്ന ആദ്യത്തെ ചൈനീസ് ബഹിരാകാശ സഞ്ചാരി എന്ന റിക്കാര്‍ഡ് നേട്ടം സ്വന്തമാക്കുന്ന മിഷന്റെ കമാൻഡര്‍ ജിംഗ് ഹൈപെംഗും ആദ്യ ബഹിരാകാശ യാത്ര നടത്തുന്ന ഫ്ലൈറ്റ് എൻജിനിയര്‍ ഷു യാംഗ്ഷുവുമാണ് മറ്റു രണ്ടു യാത്രികര്‍. 2030നു മുന്‍പ് ബഹിരാകാശ യാത്രികരെ ചന്ദ്രന്റെ ഉപരിതലത്തില്‍ എത്തിക്കാൻ പദ്ധതിയുണ്ടെന്നും ചൈന മാൻഡ് സ്പേസ് ഏജൻസി അറിയിച്ചു.