തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിൻ്റെ കൊച്ചി ഓഫീസിൽ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമവും കോഴിക്കോട് ഓഫീസിൽ പൊലീസ് നടത്തിയ പരിശോധനയും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കൊച്ചി ഓഫീസിൽ എസ്എഫ്ഐ പ്രവർത്തകർ അതിക്രമിച്ച് കയറിയ സംഭവത്തിൽ പിസി വിഷ്ണുനാഥാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. എന്നാൽ ഓഫീസ് അതിക്രമത്തിൽ എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി നിലപാട് എടുത്തു. എക്സൈസ് മന്ത്രി തന്നെ സ്വാഗതം ചെയ്ത ഒരു വാര്‍ത്താ പരമ്പരയെ ആണ് സര്‍ക്കാരിനെതിരായ ഗൂഢാലോചനയും വ്യാജവാര്‍ത്തയുമായി ചിത്രീകരിക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.