കാൻബറ: ഓസ്ട്രേലിയയിലെ ഇറാൻ അംബാസിഡറെ പുറത്താക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഹസൻ നസ്രള്ളയെ ‘രക്തസാക്ഷി’ എന്ന് മഹത്വവൽകരിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടതിനെതുടർന്നാണ് അംബാസിഡർ അഹ്മദ് സദേഗിയെ പുറത്താക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തുവന്നത്.
ഇറാൻ അംബാസഡറുടെ പ്രസ്തവാന ഓസ്ട്രേലിയയുടെ താൽപ്പര്യങ്ങൾക്ക് തീർത്തും വിരുദ്ധമാണെന്നും അദ്ദേഹത്തെ പുറത്താക്കാൻ പ്രധാനമന്ത്രി ഇച്ഛാശക്തി പ്രകടിപ്പിക്കണമെന്നും നമ്മുടെ മൂല്യങ്ങൾക്കും ശരികൾക്കും വേണ്ടി നിലകൊള്ളുകയാണ് വേണ്ടതെന്നും പീറ്റർ ഡട്ടൺ ആവശ്യപ്പെട്ടു.
ഇസ്രയേൽ ഒരു വംശഹത്യ ഭരണകൂടം ആണെന്നും സയണിസ്റ്റ് ഭീകരതയെ പാലസ്തീനിൻ മണ്ണിൽ നിന്ന് തുടച്ചുനിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സദേഗി ഓഗസ്റ്റിൽ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതും പ്രതിപക്ഷാംഗങ്ങൾക്കിടയിൽ വലിയ പ്രകോപനം സൃഷ്ടിച്ചിരുന്നു.
അംബാസഡറുടെ രണ്ട് അഭിപ്രായങ്ങളെയും സർക്കാർ അപലപിച്ചെങ്കിലും അംബാസഡറെ ഇതിന്റെ പേരിൽ സർക്കാർ പുറത്താക്കില്ലെന്നും പ്രധാനമന്ത്രി ആൻ്റണി ആൽബനിസി വ്യക്തമാക്കി. ഓസ്ട്രേലിയ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ഹിസ്ബുള്ളയെയും ഹമാസിനെയും ഇറാൻ പിന്തുണയ്ക്കുന്നുണ്ട്.
ദേശീയ താൽപ്പര്യം മുൻനിർത്തി ഇറാനുമായി പതിറ്റാണ്ടുകളായി ഓസ്ട്രേലിയ നയതന്ത്രബന്ധം നിലനിർത്തുന്നുണ്ടെന്നും അതിനർത്ഥം ഓസ്ട്രേലിയ ഇറാനിയൻ ഭരണകൂടത്തെ അംഗീകരിക്കുന്നു എന്നല്ലെന്നും ആൽബനീസി പറഞ്ഞു.
ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണത്തെ ഓസ്ട്രേലിയ അപലപിച്ചതായും ഇക്കാര്യം കാൻബറയിലെ ഇറാൻ അംബാസഡറെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.