ത്രിച്ചി: ഇതര മതത്തിൽപ്പെട്ട യുവാക്കളുമായുള്ള ബന്ധം വീട്ടുകാർ എതിർത്തതോടെ കിണറ്റിൽ ചാടി ജീവനൊടുക്കി സഹോദരിമാർ. തമിഴ്നാട്ടിലെ ത്രിച്ചിയിലാണ് സംഭവം. പി ഗായത്രി (23), പി വിദ്യ (21) എന്നിവരാണ് ആത്മഹത്യ ചെയ്തത്.
ഏതാനും വർഷങ്ങളായി തിരുപ്പൂർ ജില്ലയിലെ കാങ്കേയത്ത് ഒരു ടെക്സ്റ്റൈൽ മില്ലിൽ ജോലി ചെയ്യുകയായിരുന്നു യുവതികൾ. ഒരുമിച്ച് ജോലി ചെയ്യുന്നവരും സഹോദരന്മാരുമായ യുവാക്കളുമായി ഇവർ പ്രണയത്തിലാവുകയും ചെയ്തു.
ഇത് മനസിലാക്കിയ അച്ഛനും അമ്മയും മുസ്ലിം മത വിശ്വാസികളായ യുവാക്കളുമായുള്ള ബന്ധത്തെ എതിർത്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആരംഭിച്ച ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിൽ പങ്കെടുക്കാനാണ് സഹോദരിമാർ സ്വന്തം നാട്ടിലെത്തിയത്. തിങ്കളാഴ്ച ഇരുവരും ഫോണിൽ സംസാരിക്കുന്നത് മാതാപിതാക്കൾ കണ്ടു. ഇപ്പോഴും മക്കൾ പ്രണയ ബന്ധം തുടരുന്നുണ്ടെന്ന് മനസിലാക്കിയ മാതാപിതാക്കൾ നിലപാട് ആവർത്തിക്കുകയും യുവാക്കളോട് സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.