ബാലി∙ ബാലിയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ മോഡലും ഡിജെയുമായ കോട്ണി മിൽസിന് (37) ദാരുണാന്ത്യം. താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്ന് വീണുണ്ടായ പരുക്കുകളാണ് മരണകാരണം. വെള്ളിയാഴ്ചയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ കോട്ണി മിൽസിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയകൾക്കുശേഷം രണ്ടു ദിവസത്തിനുശേഷമാണ് മരണം സംഭവിച്ചത്. കുടുംബാംഗങ്ങൾക്ക് മരണസമയത്ത് സമീപമുണ്ടായിരുന്നു
മെൽബൺ സ്വദേശിയായ കോട്ണി മിൽസ് വർഷങ്ങളായി ബാലിയിൽ താമസിച്ചുവരികയായിരുന്നു. 2023ൽ ബാലിയിൽ ഗോവണിയിൽ നിന്ന് വീണ് തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് മിൽസ് മെൽബണിലേക്ക് മടങ്ങുകയും കുടുംബത്തോടൊപ്പം താമസിക്കുകയും ചെയ്തിരുന്നു. 2018ൽ ഒരു വിവാഹത്തിനായി ബാലിയിൽ എത്തിയപ്പോൾ സ്കൂട്ടർ അപകടത്തിൽ മുൻ കാമുകന് ഗുരുതരമായി പരുക്കേറ്റിരുന്നു.
മെൽബണിലെ പ്രമുഖ നൈറ്റ്സ്പോട്ടുകളിൽ ഡിജെയായിരുന്ന കോട്ണി മിൽസ് രാജ്യാന്തര തലത്തിലും പ്രശസ്തയായിരുന്നു. മെട്രോപോൾ, കുഷ്യൻ, സീക്രട്ട് ഗാർഡൻ, ഹോട്ടൽ ബാർക്ക്ലി, മോട്ടൽ ഈവ് തുടങ്ങിയവയാണ് മിൽസ് പ്രവർത്തിച്ചിരുന്ന ചില നൈറ്റ്സ്പോട്ടുകൾ.മിൽസിന്റെ മരണത്തിൽ സുഹൃത്തുക്കളും ആരാധകരും അനുശോചനം രേഖപ്പെടുത്തി.