ആംസ്റ്റര്‍ഡാം: ജര്‍മ്മനിയില്‍ നിന്നും 3000 കാറുകളുമായി ഈജിപ്തിലേക്ക് പോയ കപ്പലിന് തീപിടിച്ച് ഒരു മരണം. ചൊവ്വാഴ്ച രാത്രിയായിരുന്നു ചരക്ക് കപ്പലിന് തീപിടിച്ചത്.അപകടത്തില്‍ ഒരു ജീവനക്കാരൻ മരിക്കുകയും 22 ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരാണെന്ന് അധികൃതര്‍ അറിയിച്ചു.
പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ചരക്ക് കപ്പലിലാണ് തീപിടിത്തമുണ്ടായത്. വടക്കൻ ജര്‍മ്മനിയിലെ ബ്രെമര്‍ഹാവൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ വടക്കൻ ഡച്ച് ദ്വീപായ ആംലാൻഡിന് സമീപത്ത് എത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. കപ്പലില്‍ തീ പടര്‍ന്നതോടെ ജീവനക്കാരെല്ലാം കടലിലേക്ക് ചാടുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും തീയണയ്ക്കാൻ ദിവസങ്ങളോളം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കപ്പലിലുണ്ടായിരുന്ന കാറുകളില്‍ 25എണ്ണം ഇലക്ട്രിക് കാറുകളാണ്. കപ്പലില്‍ തീ പടര്‍ന്നതോടെ ജീവനക്കാര്‍ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തീയും പുകയും വ്യാപിച്ചതോടെയാണ് ജീവനക്കാര്‍ കടലിലേക്ക് ചാടിയത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ഒരു ഇലക്ട്രിക് കാറിന് തീപിടിക്കുകയും തുടര്‍ന്ന് തീ വ്യാപിക്കുകയായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.