ഹൈദരാബാദ്: ഒറ്റ ചിത്രം കൊണ്ട് കന്നഡ മുഖ്യധാരാ സിനിമയ്ക്ക് ഇന്ത്യ മുഴുവന്‍ പേര് നേടിക്കൊടുത്ത സംവിധായകനാണ് പ്രശാന്ത് നീല്‍. 2018 ല്‍ എത്തിയ കെജിഎഫ് ആയിരുന്നു ആ ചിത്രം. കൊവിഡിനു ശേഷം കഴിഞ്ഞ വര്‍ഷം ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയപ്പോള്‍ ബോക്സ് ഓഫീസിലെ മുന്‍കാല റെക്കോര്‍ഡുകള്‍ പലതും ചിത്രം പഴങ്കഥയാക്കി. കെജിഎഫ് ഫ്രാഞ്ചൈസിക്കു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് സലാറിന്റെ പ്രേക്ഷകശ്രദ്ധയിലേക്ക് നീക്കിനിര്‍ത്തുന്നത്. ബാഹുബലി സ്റ്റാര്‍ പ്രഭാസ് ആണ് നായകനെന്നതും ചിത്രത്തിന്റെ യുഎസ്പി ആണ്. പൃഥ്വിരാജ് പ്രതിനായകനായി എത്തുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്ന വസ്തുതയാണ്. ഈ ചിത്രത്തിന് ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയിലുള്ള കാത്തിരിപ്പ് എത്രത്തോളമെന്ന് മനസിലാക്കാന്‍ ചിത്രത്തിന്റെ ഇന്നെത്തിയ ടീസറിന് ലഭിക്കുന്ന പ്രതികരണം നോക്കിയാല്‍ മതി.