ന്യൂഡെല്‍ഹി: രാജ്യത്തെ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്സ് കമ്ബനികളുടെ കുത്തക അവസാനിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച മികച്ച ഡിജിറ്റല്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ഒഎൻഡിസി (ONDC).
ഈ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം ഡിജിറ്റല്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ ന്യായമായ വ്യാപാരം നടക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്.
സ്വിഗ്ഗി (Swiggy), സൊമാറ്റോ (Zomato) എന്നിവയെ അപേക്ഷിച്ച് ഒഎൻഡിസിയില്‍ വിലക്കുറവില്‍ ഭക്ഷണം ലഭ്യമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഈ പ്ലാറ്റ്ഫോമില്‍ നിന്ന് വിലക്കുറവില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തതിന്റെ ബില്ലുകള്‍ നിരവധി ആളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കിടുന്നു. സര്‍ക്കാര്‍ തയ്യാറാക്കിയ ഈ ഡിജിറ്റല്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍, ഭക്ഷണ സാധനങ്ങള്‍ മുതല്‍ മറ്റ് പലതും വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാണ്.
ഒഎൻഡിസിക്ക് ഔദ്യോഗിക ആപ്പൊന്നും ഇല്ലെന്നതാണ് ശ്രദ്ധേയം. പേടിഎം (Paytm) അല്ലെങ്കില്‍ മാജിക്പിൻ (Magicpin) പോലുള്ള പങ്കാളി ആപ്പുകളുടെ സഹായത്തോടെ ഒഎൻഡിസി ഉപയോഗിക്കാം. ആപ്പ് തുറന്ന് ‘ONDC’ എന്ന് തിരയണം. അടുത്ത ഘട്ടത്തില്‍, സ്ക്രീനിലെ ഭക്ഷണവും പലചരക്ക് സാധനങ്ങളും എന്ന ഓപ്ഷനില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്യണം . അതിനുശേഷം ഭക്ഷണശാലകളും ഭക്ഷണസാധനങ്ങളും കാണാനാവും. ഇവിടെ നിന്ന് നിങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം എളുപ്പത്തില്‍ ഓര്‍ഡര്‍ ചെയ്യാം.
ഈ പ്ലാറ്റ്ഫോം ലാഭമുണ്ടാക്കാൻ വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ളതല്ല. ഇക്കാരണത്താല്‍, ഭക്ഷണ സാധനങ്ങള്‍ വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. നിലവില്‍ ബെംഗളൂരു ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങളില്‍ മാത്രമാണ് ഒഎൻഡിസി സേവനം ലഭ്യമാകുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഒഎൻഡിസി ബീറ്റ ഫോര്‍മാറ്റില്‍ ലോഞ്ച് ചെയ്തത്. അടുത്തിടെ, പ്ലാറ്റ്ഫോം പലചരക്ക്, ഭക്ഷണ വിതരണ സേവനങ്ങള്‍ വാഗ്ദാനം ചെയ്തതോടെ നെറ്റിസണ്‍മാരുടെ ശ്രദ്ധ നേടി.