സിഡ്നി: മലയാളികള്‍ ലോകത്തെവിടെയാണെങ്കിലും ഓണം ഗംഭീരമായി ആഘോഷിക്കും. കേരളത്തില്‍ ഓണം ആഘോഷിക്കുന്നതിലും വിപുലമായി വിദേശ മലയാളികള്‍ ഓണം ആഘോഷിക്കുന്നതായി ഇപ്പോള്‍ പലയിടങ്ങളിലും നമുക്ക് കാണാൻ കഴിയുന്നുണ്ട്.
അത്തരത്തില്‍ ഓസ്ട്രേലിയയില്‍ നിന്നുള്ള ഓണാഘോഷത്തിന്റെ ഒരുക്കവുമായി ബന്ധപ്പെട്ടുള്ള ചില വിവരങ്ങളാണ് പുറത്തുവരുന്നത്.
അറുപത്തഞ്ചോളം ലോക രാജ്യങ്ങളില്‍ പ്രാതിനിധ്യമുള്ള വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സിഡ്നി പ്രൊവിൻസ് ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് 26 ന് അതിവിപുലമായി ആഘോഷിക്കുകയാണ്. വിഭവ സമൃദ്ധമായ സദ്യക്കൊപ്പം വിവിധ കലാ പരിപാടികളും സിഡ്നിയില്‍ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന വള്ളംകളിയും ഓസ്ട്രേലിയൻ മലയാളികളെ ത്രസിപ്പിക്കുമെന്നാണ് പ്രതീക്ഷ.ഇരുന്നൂറോളം വനിതകളുടെ സഹകരണത്തോടെ അവതരിപ്പിക്കുന്ന മെഗാ തിരുവാതിരക്കും, കേരള നടനം ഡാൻസിനും വേണ്ട ഒരുക്കങ്ങള്‍ വളരെ നല്ല രീതിയില്‍ പുരോഗമിക്കുകയാണ്. പങ്കെടുക്കുന്ന വനിതകളെ പ്രത്യേകം ഗ്രൂപ്പുകളാക്കി തിരിച്ച് പരിശീലനം തുടങ്ങിക്കഴിഞ്ഞു. കൂടാതെ ഈ പ്രോഗ്രാമിന് വേണ്ട കോസ്റ്റ്യൂംസും ആഭരണങ്ങളും കേരളത്തില്‍ നിന്ന് പ്രത്യേകം ഓര്‍ഡര്‍ ചെയ്ത് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.
വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഇരുനൂറോളം വനിതകളെ കോര്‍ത്തിണക്കിയുള്ള മെഗാ തിരുവാതിരയും, കേരള നടനം, വള്ളംകളി തുടങ്ങിയ കേരളത്തനിമയുള്ള പരിപാടികളുടെ ഗംഭീരമായ നടത്തിപ്പിനുള്ള തയ്യാറെടുപ്പിലുമാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ സിഡ്നി പ്രൊവിൻസും സിഡ്നിയിലെ പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫറായ ലക്ഷ്മി സുജിത്തും.