തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം പ്രതിസന്ധി മറികടക്കാൻ തിരക്കിട്ട നീക്കങ്ങങ്ങളുമായി സപ്ലൈകോ. ഇനിയും മിൽമ പായസം മിക്സ് എത്തിക്കാത്ത ഇടങ്ങളിൽ മറ്റ് കമ്പനികളുടെ പായസം മിക്സ് വാങ്ങാൻ നിർദേശം നല്കി. വലിയ വില വ്യത്യസം ഇല്ലാത്ത പായസം മിക്സ് വാങ്ങാനാണ് നിർദേശം. കറി പൊടികൾ കിട്ടാത്ത സ്ഥലങ്ങളിലും മറ്റ് കമ്പനികളുടെ വാങ്ങാൻ നിർദേശം നല്‍കിയിട്ടുണ്ട്. അതേസമയം, മിൽമയുടെ നെയ്യ് എല്ലായിടങ്ങളിലും എത്തിച്ചു.
ഓണക്കിറ്റ് വിതരണത്തിൽ മൂന്നാം ദിനവും പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിനായി സപ്ലൈകോ നീക്കങ്ങള്‍ തുടങ്ങിയത്. ഒടുവിലത്തെ കണക്ക് പ്രകാരം അരലക്ഷത്തോളം കിറ്റുകൾ മാത്രമാണ് വിതരണം ചെയ്തത്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ കിറ്റുകൾ നൽകിയത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കൊല്ലം ജില്ലകളിൽ അയ്യായിരത്തിനടുത്ത് കിറ്റുകൾ വിതരണം ചെയ്തു. കിറ്റ് വിതരണത്തിൽ ഏറ്റവും പിന്നിൽ കോട്ടയം ജില്ലയാണ്. മറ്റന്നാളോടെ മാത്രമേ മുഴുവൻ കിറ്റുകളും വിതരണം ചെയ്യാനാകൂ എന്നാണ് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് അറിയിക്കുന്നത്.