വാഷിങ്ടണ്‍: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രയില്‍ അന്തര്‍സ്ഫോടനം മൂലം തകര്‍ന്ന ടൂറിസ്റ്റ് അന്തര്‍വാഹിനി ടൈറ്റന്റെ ഉടമസ്ഥ കമ്ബനിയായ ഓഷ്യൻഗേറ്റ് എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തി.എല്ലാ പര്യവേക്ഷണങ്ങളും വാണിജ്യപ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി അവസാനിപ്പിച്ചതായി കമ്ബനി വെബ്സൈറ്റിലൂടെ അറിയിച്ചു.
വാഷിങ്ടണ്‍ ആസ്ഥാനമായ കമ്ബനിയുടെ ടൈറ്റൻ അന്തര്‍വാഹിനി ജൂണ്‍ 18നാണ് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നത്. സ്ഫോടനത്തില്‍ കമ്ബനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഉള്‍പ്പെടെ അന്തര്‍വാഹിനിയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചിരുന്നു.ബ്രിട്ടീഷ് പൗരനായ പാകിസ്താനി ബിസിനസുകാരൻ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, ബ്രിട്ടീഷ് ബിസിനസുകാരനും പര്യവേക്ഷകനുമായ ഹാമിഷ് ഹാര്‍ഡിങ്, ടൂറിസം പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓഷ്യൻഗേറ്റ് ചീഫ് എക്സിക്യൂട്ടിവ് സ്റ്റോക്ടണ്‍ റഷ്, ഫ്രഞ്ച് പര്യവേക്ഷകൻ പോള്‍ ഹെന്റി നര്‍ജിയോലെറ്റ് എന്നിവരായിരുന്നു അന്തര്‍വാഹിനിയിലുണ്ടായിരുന്നത്.
ദുരന്തത്തിനുശേഷവും ടൈറ്റാനിക് കാണാനുള്ള യാത്രയുടെ പരസ്യം വെബ്സൈറ്റില്‍നിന്നും ഓഷ്യൻ ഗേറ്റ് കമ്ബനി നീക്കിയിട്ടില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ടൈറ്റാനിക്കിലേക്ക് 2024 ജൂണ്‍ 12 മുതല്‍ 20 വരെയും ജൂണ്‍ 21 മുതല്‍ ജൂണ്‍ 29 വരെയും 2,50,000 ഡോളറിന് രണ്ട് യാത്രകള്‍ ആസൂത്രണം ചെയ്യുന്നുവെന്നും യാത്രയില്‍ ഡൈവ്, സ്വകാര്യ താമസം, ആവശ്യമായ പരിശീലനം, പര്യവേക്ഷണ ഉപകരണങ്ങള്‍, അന്തര്‍വാഹിനിക്ക് അകത്തെ ഭക്ഷണ ചെലവ് എന്നിവ ഉള്‍പ്പെടും എന്നുമായിരുന്നു പരസ്യം.