ടെക്സാസ്: മരിച്ച് നാല് വർഷത്തിന് ശേഷവും കത്തോലിക്കാ കന്യാസ്ത്രീയുടെ മൃതദേഹം അഴുകാത്ത നിലയിൽ. വാർത്ത പരന്നതോടെ സിസ്റ്ററുടെ മൃതദേഹം കാണാൻ അമേരിക്കയിലെ മിസോറി പട്ടണത്തിലെ ആശ്രമത്തിലേക്ക് നൂറുകണക്കിന് ആളുകളാണ് എത്തുന്നതെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. സിസ്റ്റർ വിലെൽമിന ലങ്കാസ്റ്റർ എന്ന കന്യാസ്ത്രീയുടെ മൃതദേഹമാണ് നാല് വർഷമായിട്ടും അഴുകാതെ കേടുകൂടാതെയിരിക്കുന്നത്. 2019 മെയ് 29നാണ് 95-ാം വയസ്സിൽ ഇവർ മരിച്ചത്. തടികൊണ്ട് നിർമിച്ച ശവപ്പെട്ടിയിൽ അടക്കം ചെയ്തു. മഠം സ്ഥിതി ചെയ്യുന്ന സെമിത്തേരിയിൽ അടക്കാനായി മൃതദേഹം 2023 മെയ് 18-ന് കുഴിച്ചെടുത്തപ്പോഴാണ് അഴുകാത്ത നിലയിൽ കണ്ടെത്തിയതെന്ന് കാത്തലിക് ന്യൂസ് ഏജൻസി അറിയിച്ചു.
ശവപ്പെട്ടി തുറന്നപ്പോൾ മൃതദേഹം അഴുകിയതിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. മൃതദേഹത്തിൽ നനവുണ്ടായിട്ട് പോലും നാല് വർഷമായി കേടുകൂടാതെ ഇരുന്നു. എംബാം ചെയ്യാതെ സാധാരണ മരശവപ്പെട്ടിയിൽ സിസ്റ്റർ വിലെൽമിനയെ സംസ്കരിച്ചതിനാൽ അസ്ഥികൾ മാത്രമേ ഉണ്ടാകൂ എന്നാണ് പ്രതീക്ഷിച്ചതെന്ന് സെമിത്തേരിയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. മുഖത്ത് കുറച്ച് അഴുക്കുണ്ടായിരുന്നു. അവിടെ മെഴുക് മാസ്ക് വെച്ചു. കൺപീലികൾ, മുടി, പുരികങ്ങൾ, മൂക്ക്, ചുണ്ടുകൾ എന്നിവക്കൊന്നും യാതൊരു കേടുമുണ്ടായില്ല. ചുണ്ടുകൾ പുഞ്ചിരിച്ച നിലയിലായിരുന്നു. കത്തോലിക്കരിൽ മരണാനന്തരം ജീർണതയെ ചെറുക്കുന്ന ഒരു ശരീരം പാവനമായി കണക്കാക്കപ്പെടുന്നു.വാർത്ത പ്രചരിച്ചതോടെ, കന്യാസ്ത്രീയുടെ ഭൗതികാവശിഷ്ടങ്ങൾ കാണാൻ ആളുകൾ ഒഴുകിയെത്തി. മിസൗറിയിലെ അത്ഭുതമെന്നാണ് പലരും വിളിക്കുന്നത്. അതേ സമയം, സമഗ്രമായ അന്വേഷണത്തിനായി മൃതദേഹം സംരക്ഷിക്കേണ്ടത് പ്രധാനമാണെന്ന് പള്ളി അധികൃതർ അറിയിച്ചു. അതേസമയം, മരണത്തിനു ശേഷം ആദ്യ ഏതാനും വർഷങ്ങളിൽ ചില ശരീരം അഴുകാതിരിക്കുന്നത് അസാധാരണമല്ലെന്ന് ചില വിദഗ്ധർ പറഞ്ഞു.
സംസ്കാരത്തിന് ശേഷം മൃതദേഹങ്ങൾ അപൂർവ്വമായി പുറത്തെടുക്കുന്നതിനാൽ ഇത് എത്ര സാധാരണമാണെന്ന് പറയാൻ പ്രയാസമാണെന്ന് വെസ്റ്റേൺ കരോലിന യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസറും ഫോറൻസിക് ആന്ത്രോപോളജി ഡയറക്ടറുമായ നിക്കോളാസ് വി പാസലാക്വാ പറഞ്ഞു. മനുഷ്യാവശിഷ്ടങ്ങൾ നന്നായി സംരക്ഷിക്കപ്പെട്ട നിരവധി കേസുകളുണ്ട്. ഈജിപ്ഷ്യൻ മമ്മികൾ പോലെയുള്ളവ മനഃപൂർവം സൂക്ഷിച്ചു വെച്ചത് മാത്രമല്ല. ആയിരക്കണക്കിന് വർഷങ്ങളായി യൂറോപ്പിലെ ബോഗ് ബോഡികൾ പോലെയുള്ള വസ്തുക്കളും നന്നായി സംരക്ഷിക്കപ്പെട്ടിരുന്നുവെന്നും ബാക്ടീരിയകളുടെ വളർച്ചയും പ്രവേശനവും തടസ്സപ്പെടുത്തുന്ന അന്തരീക്ഷത്തിലായിരുന്നതിനാലാണ് അങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.