മനുഷ്യനുമായി സംഭാഷണത്തിലേർപ്പടാനും, സ്വന്തമായി കഥയും, കവിതയും, ലേഖനവുമെല്ലാം എഴുതാനും കഴിയുന്ന നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജന്റസ്) സാങ്കേതികവിദ്യയാണ് ChatGPT.
നവംബർ 30ന് ഓപ്പൺ AI എന്ന കമ്പനി പുറത്തിറക്കിയ ഈ ചാറ്റ് ബോട്ട് ഒരാഴ്ചകൊണ്ട് പത്തുലക്ഷം പേരാണ് ഉപയോഗിച്ചത്.ഒരു വിഷയം നൽകിയാൽ അതിൽ കഥയോ, കവിതയോ, ലേഖനമോ എന്തും എഴുതി നൽകുന്ന സാങ്കേതിക വിദ്യയാണ് ഇത്.ഇന്റർനെറ്റിൽ ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് എഴുതുന്നതാണ് ഈ നിർമ്മിതബുദ്ധി.ChatGPTയുടെ കടന്നുവരവ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന ഏറ്റവും പ്രധാന മേഖലകളിലൊന്നാണ് വിദ്യാഭ്യാസം.വിദ്യാർത്ഥികളുടെ അസസ്മെന്റ് എഴുതാൻ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാം എന്നാണ് ആശങ്ക.
മനുഷ്യൻ എഴുതുന്നതിന് സമാനമായ രീതിയിൽ ഉത്തരങ്ങൾ എഴുതാനും, അസസ്മെന്റ് പൂർത്തിയാക്കാനുമെല്ലാം ChatGPT ഉപയോഗിച്ച് കഴിയും എന്ന് വ്യക്തമായിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് NSW വിദ്യാഭ്യാസ വകുപ്പ് സാങ്കേതികവിദ്യയ്ക്ക് സ്കൂളുകളിൽ നിരോധനം ഏർപ്പെടുത്തിയത്.സ്കൂളുകളിലെ കമ്പ്യൂട്ടറുകളിലും, സ്കൂളിൽ വച്ച് വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന സ്വകാര്യ കമ്പ്യൂട്ടറുകളിലുമെല്ലാംChatGPT വിലക്കും.ഇത്തരം വിലക്ക് പ്രഖ്യാപിക്കുന്ന ഓസ്ട്രേലിയയിലെ ആദ്യ സംസ്ഥാനമാണ് NSW.അടുത്തയാഴ്ച സംസ്ഥാനത്ത് പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ തന്നെ വിലക്ക് പ്രാബല്യത്തിൽ വരും.ഈ പുതിയ സാങ്കേതിക വിദ്യയെ പൂർണമായും ഒഴിവാക്കുകയല്ല, മറിച്ച് ഇത് സുരക്ഷിതമായും, ഗുണപ്രദമായ രീതിയിലും എങ്ങനെ ഉപയോഗിക്കാം എന്ന് പരിശോധിക്കുകയാണ് ചെയ്യുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് ആക്ടിംഗ് ഡെപ്യൂട്ടി സെക്രട്ടറി മേഗൻ കെല്ലി പറഞ്ഞു.പരിശോധന നടത്തുന്ന കാലത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.നേരത്തേ അമേരിക്കയിൽ ന്യൂയോർക്ക് വിദ്യാഭ്യാസ വകുപ്പും സ്കൂളുകളിൽ സമാനമായ നിരോധനം ഏർപ്പെടുത്തിയിരുന്നു.ഓസ്ട്രേലിയൻ സർവകലാശാലകളും ChatGPTയുടെ ഉപയോഗം എങ്ങനെ ഫലപ്രദമാക്കാം എന്ന കാര്യം പരിശോധിക്കുന്നുണ്ട്.