സിഡ്നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ അനധികൃതമായി പുകയില കൃഷി നടത്തിയിരുന്ന തോട്ടത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ 16 ടൺ പുകയില ചെടികൾ കണ്ടെത്തി നശിപ്പിച്ചു. ഓസ്ട്രേലിയൻ ടാക്സേഷൻ ഓഫീസ്, ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് എന്നിവയുമായി സഹകരിച്ച് എൻ.എസ്.ഡബ്ല്യു പോലീസ് നടത്തിയ റെയ്ഡിലാണ് കരിഞ്ചന്തയിൽ 20 ദശലക്ഷം ഡോളർ വില വരുന്ന പുകയില പിടിച്ചെടുത്ത് നശിപ്പിച്ചത്.ഇത്രയും വിസ്തൃതിയുള്ള അനധികൃത പുകയില തോട്ടം നശിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെങ്കിലും അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.പാർക്ക്സ് പട്ടണത്തിൽ നിന്ന് ഏകദേശം 55 കിലോമീറ്റർ അകലെയുള്ള ഗ്രാമീണ മേഖലയായ മുർഗയിലെ ഒരു വസ്തുവിലാണ് അനധികൃത പുകയില തോട്ടം കണ്ടെത്തിയത്. ചെടികൾ വലുതും പൂർണ വളർച്ചയെത്തിയതുമായിരുന്നു. ചെടികൾക്ക് മികച്ച പരിചരണവും ശ്രദ്ധയും ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. പുകയില കൃഷിയക്കുറിച്ച് കഴിഞ്ഞ വർഷം തന്നെ പോലീസിന് സൂചന ലഭിച്ചിരുന്നു. തുടർന്ന് ഈ മേഖല ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ പോലീസ് റെയ്ഡിനായി എത്തുമ്പോൾ ഫാമിൽ ആരും ഉണ്ടായിരുന്നില്ല. അതേസമയം, അവിടെ താമസിച്ചിരുന്നതിന്റെ അടയാളങ്ങൾ ഉണ്ടായിരുന്നതായി എൻ.എസ്.ഡബ്ല്യു പോലീസിലെ ഡിറ്റക്ടീവ് സൂപ്രണ്ട് സ്റ്റുവർട്ട് കാഡൻ പറഞ്ഞു. പിടിച്ചെടുത്ത വിളയ്ക്ക് കരിഞ്ചന്തയിൽ 20 മില്യൺ ഡോളർ വില വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ‘സംഘടിത കുറ്റകൃത്യത്തിന്റെ എല്ലാ സാധ്യതകളും ഈ സംഭവത്തിനു പിന്നിലുണ്ട്. അത്യാധുനികമായ രീതിയിലാണ് കൃഷി നടത്തിയിരുന്നത്. നിരോധിത പുകയില ഇടപാട് നടത്തുന്ന കുറ്റവാളികൾ ഓസ്ട്രേലിയൻ സമൂഹത്തിൽ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. പ്രാദേശിക മേഖലകളിൽ ജീവിച്ചാണ് ഈ കുറ്റവാളികൾ തങ്ങളുടെ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിൽനിന്നു കിട്ടുന്ന ലാഭം അവരുടെ ആഡംബര ജീവിതശൈലിക്കും കുറ്റകൃത്യങ്ങൾക്കും ഉപയോഗിക്കുന്നു’ – സ്റ്റുവർട്ട് കാഡൻ പറഞ്ഞു.
ഓസ്ട്രേലിയയിൽ ഒരു ദശാബ്ദത്തിലേറെയായി ലൈസൻസില്ലാതെ പുകയില വളർത്തുന്നത് നിയമവിരുദ്ധമാണ്. പരമാവധി 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണിത്. കരിഞ്ചന്തയിലെ പുകയില വിൽപന ഗുരതരമായ പ്രശ്നമാണെന്നും ഇതിലൂടെയുള്ള നികുതി നഷ്ടം പ്രതിവർഷം 1.8 ബില്യൺ ഡോളർ വരുമെന്നും ടാക്സ് ഓഫീസ് പ്രതിനിധി ജസ്റ്റിൻ ക്ലാർക്ക് പറഞ്ഞു. ഇവ നിയമപരമായി വിറ്റാൽ 28 മില്യൺ ഡോളർ എക്സൈസ് ലഭിക്കും.2018-ൽ സ്ഥാപിതമായ നിയമവിരുദ്ധ പുകയില ടാസ്ക്ഫോഴ്സ് ഇതുവരെ ഏകദേശം 400 ടൺ പുകയില നശിപ്പിക്കുകയും ഏഴു ദശലക്ഷത്തിലധികം സിഗരറ്റുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.