കൊച്ചി: എറണാകുളം ജില്ലാ കളക്ടറായി N.S.K ഉമേഷ് ഇന്ന് ചുമതലയേൽക്കും. രാവിലെ ഒൻപതരയ്ക്ക് കാക്കനാട് കളക്ടേറ്റിലെത്തി ഉമേഷ് ചുമതലയേറ്റെടുക്കും. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു N.S.K ഉമേഷ്. ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീപിടിത്തം വിവാദമായ പശ്ചത്തലത്തിലാണ് എറണാകുളം ജില്ല കളക്ടറായിരുന്ന രേണുരാജിനെ മാറ്റിയത്. വയനാട് ജില്ലകളക്ടറായാണ് രേണുരാജിൻറെ സ്ഥലംമാറ്റം. ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീ പൂർണമായും അണയ്ക്കുകയാണ് പുതുതായി ചുമതലയേറ്റെടുക്കുന്ന കളക്ടർ N.S.K ഉമേഷിൻറെ മുന്നിലെ ആദ്യവെല്ലുവിളി
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയും വിവാദങ്ങളും കത്തിനിൽക്കേയാണ് ചാർജെടുത്ത് ഒരു വർഷം മാത്രമായ കളക്ടറെ വയനാട്ടിലേക്ക് മാറ്റിയത്. ഇത് ഫെയ്സ്ബുക്കിൽ വലിയ ചർച്ചയായിരിക്കേ നീ പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനമാണെന്നും നീ വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധമെന്നും വനിതാ ദിനത്തിൽ കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു. ബ്രഹ്മപുരത്തെ തീയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹാജരായ കളക്ടർ ഇന്ന് വലിയ വിമർശനമാണ് നേരിട്ടത്. ജില്ലാ കലക്ടറുടെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി ദുരന്ത നിരവാരണച്ചട്ടം അനുസരിച്ചുളള നിർദേശങ്ങൾ പൊതു ജനങ്ങളിൽ വേണ്ട വിധം എത്തിയില്ലെന്നും നിരീക്ഷിച്ചു.