ലണ്ടൻ : ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാം നഗരത്തില്‍ ചൊവ്വാഴ്ച കുത്തേറ്റ് മരിച്ചവരില്‍ ഇന്ത്യൻ – ഐറിഷ് വംശജയായ യുവഹോക്കി താരം ഗ്രേസ് ഒമാലി കുമാറും.
പത്തൊമ്ബതുകാരിയായ ഗ്രേസ് നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ഹോക്കി അണ്ടര്‍ – 16, അണ്ടര്‍ – 18 വിഭാഗങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഗ്രേസ് ജൂനിയര്‍ കൗണ്ടി ലെവല്‍ ക്രിക്കറ്റിലും സജീവമായിരുന്നു.
ഗ്രേസിന്റെ പിതാവും ഇന്ത്യൻ വംശജനുമായ സഞ്ജയ് കുമാര്‍ യു.കെയിലെ അറിയപ്പെടുന്ന ഡോക്ടര്‍മാരില്‍ ഒരാളാണ്. 2009ല്‍ അക്രമി സംഘത്തിന്റെ കുത്തേറ്റ മൂന്ന് ആഫ്രോ – കരീബിയൻ വിദ്യാര്‍ത്ഥികളുടെ ജീവൻ രക്ഷിച്ചതിന് ഇദ്ദേഹത്തെ മെംബര്‍ ഒഫ് ദ മോസ്റ്റ് എക്സലന്റ് ഓര്‍ഡര്‍ ഒഫ് ദ ബ്രിട്ടീഷ് എംപയര്‍ ബഹുമതി നല്കി ആദരിച്ചിരുന്നു. ഗ്രേസിന്റെ അമ്മ അയര്‍ലൻഡ് സ്വദേശിയായ ഷിനീഡ് ഒമാലിയും ഡോക്ടറാണ്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു പാര്‍ട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് നോട്ടിംഗ്ഹാം സിറ്റി സെന്ററിന് പടിഞ്ഞാറുള്ള ഇല്‍കെസ്റ്റണ്‍ റോഡില്‍ വച്ച് ഗ്രേസിനും സഹപാഠിയായ ബര്‍നാബി വെബ്ബറിനും ( 19 ) കുത്തേറ്റത്. ബര്നാബിയും മരണത്തിന് കീഴടങ്ങി. പിന്നാലെ മഗ്ദല റോഡില്‍ ഇവാൻ കോട്ട്സ് ( 65 ) എന്ന സ്കൂള്‍ കെയര്‍ ടേക്കറും കുത്തേറ്റ് മരിച്ചു.
31കാരനായ വാല്‍ഡോ അമീസോ മെൻഡസ് കാലോകെയ്ൻ എന്നയാളാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് പൊലീസ് ഇന്നലെ വെളിപ്പെടുത്തി. പോര്‍ച്ചുഗീസ് വംശജനായ ഇയാളെ ആക്രമണത്തിന് പിന്നാലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റിയിലെ മുൻ എൻജിനിയറിംഗ് വിദ്യാര്‍ത്ഥിയാണ് ഇയാള്‍. കത്തിയാക്രമണത്തിന് പിന്നാലെ മറ്റ് മൂന്ന് പേരെ ഇയാള്‍ കാറിടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു.