ബെംഗളൂരു: പ്രളയകാലത്തും, കൊവിഡ് ദുരിതത്തിനിടയിലും കേരളത്തിലേക്ക് ലാഭം നോക്കാതെ പച്ചക്കറികളെത്തിച്ച മൈസൂരുവിലെ കർഷകർക്ക് പണം നൽകാതെ ഹോർട്ടികോർപ്പ്. 12 ലക്ഷം രൂപയാണ് അവർക്ക് ഇനിയും ഹോർട്ടി കോർപ്പിൽ നിന്ന് കിട്ടാനുള്ളത്. ഹോർട്ടി കോർപ്പിന്റെ അലംഭാവം മൂലം പലിശയിനത്തിൽ മാത്രം 20 ലക്ഷം രൂപയാണ് കർഷകർക്ക് നഷ്ടം. ഈ മാസത്തിനകം പണം തന്നില്ലെങ്കിൽ തിരുവനന്തപുരത്ത് ഹോർട്ടികോർപ്പിന് മുന്നിൽ സമരമിരിക്കുമെന്ന് കർഷകക്കൂട്ടായ്മയുടെ ചെയർമാൻ കുരുബൂർ ശാന്തകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മൈസുരുവിൽ 1200 കർഷകർ ഒന്നിച്ച് ചേർന്ന് പഴം, പച്ചക്കറി, ധാന്യങ്ങൾ അടക്കം കൃഷി ചെയ്യുന്ന കർഷകക്കൂട്ടായ്മയാണ് റൈത്തമിത്ര. കേരളമാണ് ഈ കൂട്ടായ്മയുടെ പ്രധാനമാർക്കറ്റ്. 2016 മുതൽ കേരളത്തിലേക്കും, ഹോർട്ടികോർപ്പിനും പച്ചക്കറികൾ ഇവർ എത്തിച്ച് നൽകുന്നുണ്ട്. പ്രളയകാലത്തും, കൊവിഡ് മഹാമാരിയുടെ കാലത്തും അഡ്വാൻസ് തുക പോലും ചോദിക്കാതെ കേരളത്തിലേക്ക് പച്ചക്കറികളെത്തിക്കാൻ സഹായിച്ച കൂട്ടായ്മയാണ് ഇപ്പോൾ ഹോർട്ടികോർപ്പിന് കൊടുത്ത പച്ചക്കറിയുടെ വില പോലും കിട്ടാതെ ഗതികേടിലായിരിക്കുന്നത്.