സീയൂള്‍: ചാര ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാനുള്ള ഉത്തരകൊറിയയുടെ ആദ്യ ശ്രമം പരാജയപ്പെട്ടു.
മാലിംഗ്യോംഗ്-1 ഉപഗ്രഹത്തെ വഹിച്ച റോക്കറ്റിന്റെ രണ്ടാംഘട്ടം പ്രവര്‍ത്തിക്കാതെ തകരുകയായിരുന്നുവെന്ന് ഉത്തരകൊറിയൻ വാര്‍ത്താ ഏജൻസിയായ കെസിഎൻഎ അറിയിച്ചു. ചൊവ്വാഴ്ച രാവിലെയുണ്ടായ വിക്ഷേപണം ദക്ഷിണകൊറിയയിലും ജപ്പാനിലും പരിഭ്രാന്തി പരത്തിയിരുന്നു.
അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും സൈനികനീക്കങ്ങള്‍ നിരീക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ഉപഗ്രഹം നിര്‍മിച്ചതെന്ന് ഉത്തരകൊറിയ അവകാശപ്പെടുന്നു. വിക്ഷേപണത്തിന്റെ രണ്ടാംഘട്ടത്തിലെ എൻജിൻ പ്രവര്‍ത്തിക്കാതിരുന്നതാണു റോക്കറ്റ് തകരാൻ കാരണം. പ്രശ്നം പരിഹരിച്ച് ഉടൻതന്നെ വിക്ഷേപണം നടത്തുമെന്നും ഉത്തരകൊറിയ പറഞ്ഞു.
വിക്ഷേപണത്തെത്തുടര്‍ന്ന് ദക്ഷിണകൊറിയൻ തലസ്ഥാനമായ സീയൂളിലും ജപ്പാനിലെ ഓക്കിനാവ പ്രദേശത്തും അടിയന്തര മുന്നറിയിപ്പു സന്ദേശം പുറപ്പെടുവിച്ചു. കെട്ടിടങ്ങളില്‍നിന്ന് ഒഴിയാൻ ഉടൻ തയാറാകണമെന്നായിരുന്നു സീയൂളിലെ ജനങ്ങള്‍ക്കു ലഭിച്ച സന്ദേശം. വ്യോമാക്രമണ മുന്നിറിപ്പു നല്കുന്ന സൈറണ്‍ സീയൂളില്‍ മുഴങ്ങി. സന്ദേശം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന അറിയിപ്പ് 20 മിനിറ്റിനകം ഉണ്ടായി. പരിഭ്രാന്തരായ ജനങ്ങള്‍ തെറ്റായ സന്ദേശം ലഭിച്ചതില്‍ പ്രതിഷേധിച്ചു.
ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചാണ് ഉപഗ്രഹവിക്ഷേപണത്തിനു ശ്രമിച്ചതെന്നു ജപ്പാൻ പറഞ്ഞു. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനു വിലക്കുള്ള ഉത്തരകൊറിയയുടെ നടപടിയെ യുഎൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെരസ് അപലപിച്ചു. റോക്കറ്റ് അവശിഷ്ടങ്ങള്‍ കടലില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ ദക്ഷിണകൊറിയ പുറത്തുവിട്ടു.