സോള്‍ : ഗര്‍ഭിണികളായ സ്ത്രീകളെയും, കുട്ടികളെയും ക്രൂരമായ ശിക്ഷാരീതികള്‍ക്ക് വടക്കന്‍ കൊറിയ വിധേയരാക്കുന്നതായി ദക്ഷിണകൊറിയ ആരോപിച്ചു.ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രാലയം പുറത്ത് വിട്ടു. ഗര്‍ഭിണിയായ സ്ത്രീയെ വധശിക്ഷയ്ക്ക് വിധേയയാക്കി എന്ന ഞെട്ടിപ്പിക്കുന്ന സംഭവവും റിപ്പോര്‍ട്ടിലുണ്ട്. ഭിന്നശേഷിക്കാരായ ആളുകളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കുന്ന നടപടിയെ കുറിച്ചും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.
ആറുമാസം ഗര്‍ഭിണിയായ യുവതിയെ വധശിക്ഷയ്ക്ക് വിധേയയാക്കിയതിന്റെ കാരണത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. യുവതി ഡാന്‍സ് ചെയ്യുന്ന വീഡിയോ അടുത്തിടെ രാജ്യത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. കൊറിയന്‍ ഭരണാധികാരിയുടെ ചിത്രം വീഡിയോയില്‍ കാണാനായതാണ് അധികാരികളെ പ്രകോപിപ്പിച്ചത്.
ഏകപക്ഷീയമായി ജനങ്ങളെ അടിച്ചമര്‍ത്തുന്ന രീതികളാണ് ഉത്തരകൊറിയ പിന്തുടരുന്നത്. സ്വവര്‍ഗരതി, മയക്കുമരുന്ന് ഉപയോഗം,മതവിശ്വാസം,ദക്ഷിണ കൊറിയയില്‍ നിന്നുള്ളവീഡിയോകള് കാണുക എന്നീ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കുന്നത്. വധശിക്ഷ വിധിക്കാന്‍ ഈ കുറ്റങ്ങള്‍ ഉത്തരകൊറിയയില്‍ ധാരാളമാണ്. ദക്ഷിണ കൊറിയയില്‍ നിന്നുള്ള വീഡിയോ കണ്ടതിനും, കറുപ്പ് അടങ്ങിയ സിഗരറ്റ് ഉപയോഗിച്ചതിനും ആറ് കുട്ടികളെ അടുത്തിടെ വധശിക്ഷയ്ക്ക് വിധേയമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.